പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ കുറച്ചു

Posted on: December 16, 2014 9:15 am | Last updated: December 17, 2014 at 12:25 am

Petrol_pumpന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ കുറച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇത് എട്ടാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. ഡീസല്‍ വില കഴിഞ്ഞ ഒക്‌ടോബറിനു ശേഷം ഇത് അഞ്ചാം തവണയാണ് കുറയ്ക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അംസ്‌കൃത എണ്ണ വില ബാരലിന് 62.37 ഡോളറായാണ് കുറഞ്ഞത്. കഴിഞ്ഞ ജൂണില്‍ ഇത് 115 ഡോളറായിരുന്നു. ഈ മാസം ആദ്യം പെട്രോള്‍, ഡീസല്‍ വില നേരിയ തോതില്‍ കുറച്ചിരുന്നു. പെട്രോള്‍ വിലയില്‍ 91 പൈസയും ഡീസല്‍ വിലയില്‍ 84 പൈസയുമാണ് കുറച്ചിരുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ പെട്രോള്‍ വില ലിറ്ററിന് 12.27 രൂപയാണ് കുറഞ്ഞത്.
എണ്ണ വില കുറയുന്ന സാഹചര്യത്തിലും ഉത്പാദനം കുറയ്‌ക്കേണ്ടെന്ന് ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചതോടെയാണ് എണ്ണ വിലയില്‍ വന്‍ ഇടിവുണ്ടായത്. വടക്കേ അമേരിക്കയില്‍ എണ്ണ ഉത്പാദനം കൂടിയ സാഹചര്യത്തില്‍ ഉത്പാദനം കുറയ്‌ക്കേണ്ടെന്നാണ് സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം.