സൈലന്റ് വാലി കുപ്പിവെള്ള കമ്പനി വീണ്ടും പ്രവര്‍ത്തനം തുടങ്ങി

Posted on: December 15, 2014 11:28 am | Last updated: December 15, 2014 at 11:28 am

പാലക്കാട്: സൈലന്റ് വാലി ബഫര്‍സോണിനുള്ളില്‍ കുപ്പിവെള്ള കമ്പനി വീണ്ടും പ്രവര്‍ത്തനം തുടങ്ങി. സൈലന്റ് വാലി ബഫര്‍ സോണില്‍ കുപ്പിവെള്ള കമ്പനി തുടങ്ങാന്‍ ഹൈക്കോടതിയില്‍ നിന്നും ലഭിച്ച അനുകൂലവിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതെ ഒത്തുകളിച്ചതിനെ തുടര്‍ന്നാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍കടുത്ത കുടിവെള്ള ക്ഷാമം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ഒത്താശയോടെ സൈലന്റ് വാലി ബഫര്‍സോണിനുള്ളില്‍ കുപ്പിവെള്ളക്കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. സൈലന്റ് വാലി ക്ലബ് സോഡ എന്നപേരിലാണ് കുപ്പിവെള്ളം പുറത്തിറയ്ക്കിയിട്ടുള്ളത്. പ്രചരണത്തിന്റെ ഭാഗമായി കമ്പനി അട്ടപ്പാടി മുക്കാലിയിലെ കടകളില്‍ സോഡ വിതരണവും ആരംഭിച്ചു. 650 മില്ലീ ലിറ്ററിന്റെ ബോട്ടില്‍ 15 രൂപയ്ക്കാണ് വിപണിയിലെത്തിച്ചിട്ടുള്ളത്.
മിനറല്‍ വാട്ടര്‍, ക്ലബ് സോഡ എന്നിവയാണ് ജെ ജെ മിനറല്‍സ് കമ്പനി ഇവിടെ നിന്നും ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. സൈലന്റ് വാലിയുടെ പേര് ഉപയോഗിക്കുന്നതിലൂടെ ല’ിക്കുന്ന വിപണി മൂല്യവും കമ്പനിയ്ക്ക് നേട്ടമാകും.
എന്നാല്‍ കടുത്ത ജലക്ഷാമമുള്ള മേഖലകളില്‍ ജലചൂഷണം നടത്തുന്നതിനായി കുപ്പിവെള്ള കമ്പനികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നിരിക്കേയാണ് സര്‍ക്കാര്‍ ഒത്താശയോടെ കമ്പനി വീണ്ടും പ്രവര്‍ത്തനം ആരം’ിച്ചത്. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.സൈലന്റ് വാലി ബഫര്‍സോണിനിനുള്ളില്‍ തുടങ്ങാനിരുന്ന കമ്പനിയ്ക്ക് വനംവകുപ്പ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നതാണ്. എന്നാല്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി.
ഇതിനെതിരെ നവംബര്‍ 23നുള്ളില്‍ അപ്പീല്‍ നല്‍കേണ്ടിയിരുന്നിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാതെ കമ്പനിയ്ക്ക് ഒത്താശ ചെയ്യുകയായിരുന്നു. ദിവസേന ലക്ഷക്കണക്കിന് ലിറ്റര്‍ ജലമായിരിക്കും കുപ്പിവെള്ള കമ്പനിയ്ക്കായി ഉപയോഗിക്കേണ്ടി വരിക.
ഇത് ഈ മേഖലയില്‍ കടുത്ത കുടിവെള്ളക്ഷാമത്തിന് കാരണമാകും.