മാല ദ്വീപില്‍ ജയിലില്‍ അടച്ച അധ്യാപകന്റെ മോചനത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന്

Posted on: December 14, 2014 10:45 am | Last updated: December 14, 2014 at 10:45 am

കോഴിക്കോട്: മാല ദ്വീപില്‍ അന്യായമായി ജയിലില്‍ അടച്ച മലയാളി അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്തുള്ള മാല ദ്വീപ് കോണ്‍സലിനെ തിങ്കളാഴ്ച വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയചന്ദ്രന്റെ മോചനം വേഗത്തിലാക്കാന്‍ ആവശ്യപ്പെടും. ദ്വീപിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനോടും പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാന്‍ നിര്‍ദേശിക്കും. വിദേശ കാര്യമന്ത്രി സുഷമാസ്വരാജുമായി ഇക്കാര്യം വീണ്ടും സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ തന്നെ കാണാനെത്തിയ ജയചന്ദ്രന്‍ മൊകേരിയുടെ ബന്ധുക്കള്‍ക്കാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്.
മാസങ്ങള്‍ക്ക് മുമ്പുതന്നെ ജയചന്ദ്രന്റെ കാര്യം കേന്ദ്രസര്‍ക്കാറുമായും ഹൈക്കമ്മീഷനുമായും ബന്ധപ്പെട്ടിരുന്നു. മറ്റൊരു രാജ്യത്തെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ള സാങ്കേതിക തടസങ്ങള്‍ കാരണമാണ് മോചനം വൈകുന്നതെന്നാണ് കരുതിയത്. ഇത്രയും നീണ്ടു പോയ സ്ഥിതിക്ക് സര്‍ക്കാര്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ട് വേണ്ടതെല്ലാം ചെയ്യുമെന്ന് ജയചന്ദ്രന്റെ അമ്മ ജാനകിയമ്മക്കും മക്കളായ അഭിജിത്തിനും കാര്‍ത്തികക്കും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജയചന്ദ്രന്റെ സഹോദരങ്ങളും കര്‍മസമിതി ഭാരവാഹികളും മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു.
മാല ദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാണിക്കുന്ന അലംഭാവമാണ് പ്രശ്‌നം വഷളാക്കിയതെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. അറസ്റ്റിലായപ്പോഴും തുടര്‍ന്നും ഒരു വിവരവും ബന്ധുക്കളെ അറിയിച്ചിട്ടില്ല. ജയചന്ദ്രനെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിച്ചിട്ടും ഒമ്പത് മാസമായി അദ്ദേഹം ജയിലിലാണ്. മറ്റു കള്ളക്കേസുകള്‍ ചുമത്താനുള്ള ഗൂഢനീക്കങ്ങളും നടക്കുന്നു. രാജ്യാന്തര ഉടമ്പടികള്‍ക്ക് വിരുദ്ധമായുള്ള ഈ നീക്കങ്ങളെ ചെറുക്കാന്‍ ഹൈക്കമ്മീഷന്‍ ഒന്നും ചെയ്യുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രശ്‌നം നേരത്തെ തന്നെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബന്ധുക്കളെ അറിയിച്ചു.