Connect with us

Kerala

ജുമുഅക്ക് വേണ്ടി തുറന്ന പള്ളി വീണ്ടും പൂട്ടിച്ചു

Published

|

Last Updated

പളളിക്കല്‍: മധ്യസ്ഥരുടെ നേതൃത്വത്തില്‍ അംഗീകരിച്ച് ഒപ്പുവെച്ച കരാര്‍ ലംഘിച്ച് പള്ളിക്കല്‍ ബസാറിലെ ജുമുഅത്ത് പള്ളി വെള്ളിയാഴ്ച ചേളാരി വിഭാഗക്കാര്‍ പൂട്ടിച്ചു. കഴിഞ്ഞ നാലിന് രാത്രി ഒമ്പത് മണിയോടെ ചേളാരികള്‍ തിരൂര്‍ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പള്ളി അടച്ച് പൂട്ടിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് വിശ്വാസികളുടെ പ്രതിഷേധം വകവെക്കാതെ അധികാരികള്‍ പള്ളി അടച്ചുപൂട്ടുന്നത്.
എന്നാല്‍, കഴിഞ്ഞ നാലിന് വൈകുന്നേരം അഞ്ചിന് ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ച നടത്തുകയും പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം നല്‍കിയെങ്കിലും യാതൊരു പ്രകോപനവുമില്ലാതെ അന്ന് രാത്രി വളരെ ആസൂത്രിതമായി ഇശാ നിസ്‌കാര ശേഷം പള്ളി പൂട്ടുകയുമായിരുന്നു. തുടര്‍ന്ന് പലതവണ പളളി തുറക്കാന്‍ സുന്നികള്‍ അനുരഞ്ജന ചര്‍ച്ചക്ക് വഴി തുറക്കുകയും മൂന്നര വര്‍ഷമായി മഹല്ലില്‍ സേവനം അനുഷ്ഠിക്കുന്ന ഖതീബിനെ മാറ്റണമെന്ന ദുര്‍വാശി സുന്നികള്‍ നാട്ടിലെ ഗുണപ്രദമായ അന്തരീക്ഷത്തിന് വേണ്ടി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പുതിയ ഖതീബ് തങ്ങള്‍ കൊണ്ടുവരുന്ന ആളായിരിക്കണമെന്ന പുതിയ കുതന്ത്രവുമായി ചേളാരികള്‍ രംഗത്തെത്തി.
ഇതിനിടയില്‍ കഴിഞ്ഞ 11 ന് ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇരുവിഭാവും ചര്‍ച്ച നടന്നെങ്കിലും ചേളാരികള്‍ ഒഴിഞ്ഞുമാറി. ഇതോടെ നാട്ടിലെ പ്രമുഖരെ ഉള്‍പ്പെടുത്തി നാട്ടുമധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് വെള്ളിയാഴ്ച പള്ളി തുറക്കാനുളള നടപടിക്ക് തിരൂരങ്ങാടി സി ഐ അനില്‍റാവുത്തറെ സമീപിക്കാന്‍ ഇരു വിഭാഗത്തോടും ആര്‍ ഡി ഒ നിര്‍ദേശം നല്‍കി. അതേസമയം അന്ന് രാത്രി തന്നെ ചക്കാലക്കല്‍ മൊയ്തീന്‍കോയ എന്ന സക്കീര്‍ ഹാജി, സക്കീര്‍ മാസ്റ്റര്‍, പളൡക്കല്‍ മുസ്തഫ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച നടക്കുകയും പുതിയ ഖതീബിനെ കൊണ്ട് വരാന്‍ മധ്യസ്ഥന്‍മാരിലൊരാളായ ചക്കാലക്കല്‍ മൊയ്തീന്‍കോയയെ ചുമതലപ്പെടുത്തുകയും ഇതനുസരിച്ചുളള ധാരണയില്‍ സി ഐ യുടെ മുന്നില്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഇരു വിഭാഗവും എത്തണമെന്ന മധ്യസ്ഥരുടെ നിര്‍ദേശം സുന്നികള്‍ അംഗീകരിച്ച് മധ്യസ്ഥനും കരാറില്‍ സി ഐ യുടെ മുന്നില്‍ ഒപ്പ് വെക്കുകയും ചെയ്തു. അതേസമയം ചേളാരികള്‍ എത്തിയിരുന്നില്ല. എന്നാല്‍ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 11.45 ഓടെ പളൡക്കല്‍ ബസാറില്‍ എത്തിയ തഹസില്‍ദാറോട് മധ്യസ്ഥനായ ചക്കാലക്കല്‍ മൊയ്തീന്‍കോയ കൊണ്ടുവന്ന താത്കാലിക ഖതീബിനെ കൊണ്ട് ജുമുഅ തുടങ്ങാനും പള്ളി തുറക്കാനും അനുവദിച്ചുവെന്ന് ചേളാരികള്‍ അറിയിക്കുകയും പള്ളി തുറക്കുകയും ജുമുഅ നടത്തുകയും ചെയ്തു. എന്നാല്‍ ജുമുഅ കഴിഞ്ഞയുടനെ ചേളാരികള്‍ പള്ളി അടച്ചുപൂട്ടണമെന്ന് ആക്രോശിക്കുകയും ബഹളം വെക്കുകയും ചെയ്തു. കൂടാതെ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായ കെ പി മുസ്തഫ തങ്ങള്‍ കൊണ്ട് വരുന്ന ഖതീബിനെ മാത്രമേ അംഗീകരിക്കുകയുള്ളുവെന്നും ചേളാരികള്‍ വാശി പിടിച്ചു. ഇതോടെയാണ് പള്ളി വീണ്ടും അടച്ച് പൂട്ടിയത്. ഏറെ കാലമായി പള്ളി നില്‍ക്കുന്ന സ്ഥലമുള്‍പ്പെടെ ദാനം ചെയ്ത സുന്നി കുടുംബത്തെ കബളിപ്പിക്കാന്‍ ശ്രമിച്ച് വിഘടിതര്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്താന്‍ ശ്രമിച്ചപ്പോഴാണ് ഏറെ കാലം നിലനിന്നിരുന്ന സമാധാനാന്തരീക്ഷം പള്ളിക്കല്‍ ബസാറില്‍ നഷ്ടമായത്.

Latest