Connect with us

International

തുരങ്കങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ പിന്തുണക്കുന്നതായി മഹ്മൂദ് അബ്ബാസ്

Published

|

Last Updated

കൈറോ: ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പില്‍ നിന്നും സിനായി ഉപ ദ്വീപ് വരെ നീളുന്ന തുരങ്കങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ പിന്തുണക്കുന്നതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. തുരങ്കത്തിലൂടെയുള്ള ആയുധക്കടത്തും ആളുകളുടെ വരവും നിര്‍ത്തുന്നതിനായി ഈജിപ്ത് അധികൃതര്‍ തുരങ്കം അടക്കുന്നതിനെടുക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളേയും തങ്ങള്‍ പിന്തുണക്കുന്നതായി ഈജിപ്ത് മാസികയായ അല്‍ അഹ്‌റാം അല്‍ അറബി മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞു. ഈജിപ്തിനെ അപകടത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള എല്ലാ നടപടികള്‍ക്കും തങ്ങള്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
2013ല്‍ ഈജിപ്ത് സൈന്യം പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയത് മുതല്‍ മുര്‍സിയുടെ മുസ്‌ലിം ബ്രദര്‍ഹുഡ് ഹമാസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് പുതിയ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഫലസ്തീന്‍ മുന്നേറ്റക്കാര്‍ ഗാസയില്‍ നിന്ന് ആയുധങ്ങളും ഭക്ഷണവും പണവും കടത്താന്‍ ഉപയോഗിച്ചുവന്നിരുന്നതെന്ന് പറയപ്പെടുന്ന തുരങ്കങ്ങള്‍ തകര്‍ക്കാനാണ് ഈജിപ്ത് സൈന്യം നടപടി സ്വീകരിച്ചത്. ഗാസ മുനമ്പിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിഷ്പക്ഷ മേഖല തീര്‍ത്ത ഈജിപ്ത് ഇവിടെയുള്ള വീടുകള്‍ തകര്‍ത്ത് പോരാളികളുടേയും ആയുധങ്ങളുടേയും വരവ് തടയാന്‍ നടപടി സ്വീകരിച്ചിരുന്നു. സിനായി ഉപദ്വീപില്‍ ഈജിപ്ത് സൈനികര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഹമാസ് പ്രവര്‍ത്തകര്‍ സഹായം നല്‍കുന്നതായി ഈജിപ്ത് സംശയിക്കുന്നുണ്ട്.