Connect with us

Kerala

മാണിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം: സഭ പ്രക്ഷുബ്ധം

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. ചോദ്യോത്തരവേള തടസ്സപ്പെടുത്തിയ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ സഭ നേരത്തെ പിരിഞ്ഞു. കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെടുന്ന ബാനറും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്നലെ സഭയിലെത്തിയത്.

ചോദ്യോത്തരവേള തുടങ്ങിയതോടെ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. പഞ്ചായത്ത്, സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീറിനെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സ്പീക്കര്‍ ക്ഷണിച്ചതോടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നിന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കറുടെ തുടര്‍ച്ചയായ നിര്‍ദേശം അവഗണിച്ച് പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. തൊട്ടുപിന്നാലെ ചോദ്യോത്തരവേള പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങളെയും വിലക്കി.
സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് അനുസൃതമായി പ്രാഥമിക പരിശോധന നടത്തുക മാത്രമാണ് വിജിലന്‍സ് ചെയ്തതെന്ന് പ്രതിപക്ഷ ആരോപണത്തിന് മറുപടിയായി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലളിതകുമാരിയും യു പി സര്‍ക്കാറും തമ്മിലുള്ള കേസില്‍ 2013 നവംബര്‍ പന്ത്രണ്ടിന്റെ സുപ്രീം കോടതി ഉത്തരവ് പ്രകാരം അഴിമതിയാരോപണം സംബന്ധിച്ച പരാതി കിട്ടിയാല്‍ അതില്‍ “കോഗ്‌നിസബിള്‍ ഒഫന്‍സി”ന്റെ അംശമുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം എഫ് ഐ ആര്‍ ഇടണമെന്നാണ്. കൈക്കൂലിക്കേസ് ഉള്‍പ്പെടെ അഞ്ച് തരത്തിലുള്ള കേസുകള്‍ക്കാണ് ഈ വിധി ബാധകം. എഫ് ഐ ആര്‍ എടുത്തില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിക്ക് നടപടിയെടുക്കാം. ബിജു രമേശ് ഉന്നയിച്ച ആരോപണത്തിന്റെ സത്യാവസ്ഥ വിജിലന്‍സ് പരിശോധിച്ചിട്ടില്ല. വി എസ് സുനില്‍കുമാര്‍ എം എല്‍ എയും വൈക്കം വിശ്വനും സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചത് ലളിതകുമാരിയും യു പി സര്‍ക്കാറും തമ്മിലെ കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിയനുസരിച്ച് തീരുമാനമെടുക്കാനാണ്. അതാണിവിടെ ചെയ്തിട്ടുള്ളത്. മാണിക്കെതിരെ കുറ്റം ആരോപിക്കപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍, വിജിലന്‍സ് ഡയറക്ടര്‍ സ്വതന്ത്രമായി തീരുമാനിക്കണമെന്നും കേസിന്റെ കാര്യം ആരുമായും ചര്‍ച്ച ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞിരിക്കെ, വിജിലന്‍സ് കേസിന്റെ സത്യാവസ്ഥ പരിശോധിച്ചില്ലെന്ന കാര്യം മന്ത്രിക്ക് എവിടുന്ന് കിട്ടിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനുമായി മന്ത്രി ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണം. ഇത് ഹൈക്കോടതി വിധിയെ അട്ടിമറിക്കലാണെന്നും കോടിയേരി പറഞ്ഞു.
കോടിയേരി പുകമറയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും വിജിലന്‍സ് ഡയറക്ടറുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു രമേശിന്റെ മറുപടി. എഫ് ഐ ആര്‍ പരസ്യമായ രേഖയാണ്. അതില്‍ മാണി കുറ്റക്കാരനാണെന്ന അന്തിമ നിഗമനത്തില്‍ വിജിലന്‍സ് എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെ എം മാണി കൈക്കൂലി ചോദിച്ചു, കൊടുത്തു, വാങ്ങി എന്ന കേസിന്മേല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന അസാധാരണ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് കെ സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. അടുത്ത നടപടിക്രമം കുറ്റത്തെക്കുറിച്ച് അന്വേഷിക്കലാണ്. അപ്പോള്‍ മന്ത്രിസ്ഥാനത്ത് തുടരാമോ എന്നതാണ് വിഷയം. അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ മന്ത്രിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതല്‍ പിടിച്ചെടുക്കുകയും വേണം. തൊണ്ടിമുതലെന്നത് കൈക്കൂലിപ്പണമാണ്. വില്ലേജ് ഓഫീസിലെ പ്യൂണ്‍ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയാല്‍ സസ്‌പെന്‍ഡ് ചെയ്യും. രാഹുല്‍ നായരെയും ടി ഒ സൂരജിനെയും സസ്‌പെന്‍ഡ് ചെയ്യും. ഇവര്‍ക്കെല്ലാം ഒരു നീതിയും കെ എം മാണിക്ക് മറ്റൊരു നീതിയുമെന്ന് വാദിച്ചാല്‍ അത് നാട്ടില്‍ വിലപ്പോകില്ലെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിയെ ഒന്നാം പ്രതിയാക്കി വെള്ളിയാഴ്ചയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. മാണിയെ മാത്രമാണ് നിലവില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.