‘യു എ ഇ സുരക്ഷിതത്വത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ അനുവദിക്കില്ല’

Posted on: December 9, 2014 9:33 pm | Last updated: December 9, 2014 at 9:33 pm

3609556003അബുദാബി: താമസക്കാരുടെയും സന്ദര്‍ശകരുടെയും ജീവന് സുരക്ഷിതത്വം നല്‍കുക എന്നത് പരമപ്രധാനമായി കാണുന്നുവെന്ന് അബുദാബി റീം ഐലന്റില്‍ അമേരിക്കന്‍ അധ്യാപികയുടെ കൊലപാതകക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്ത പോലീസ് സെക്യൂരിറ്റി സപ്പോര്‍ട്ട് വിഭാഗത്തിലെ വനിതാ കമാണ്ടോകള്‍ പറഞ്ഞു. യു എ ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു അവര്‍.
അമേരിക്കന്‍ അധ്യാപിക കുത്തേറ്റുമരിച്ച ബൗത്തിക് മാളിലെ പരിശോധനയാണ് ആദ്യം നടന്നത്. മാളില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ച ശേഷം അന്വേഷണം തുടങ്ങി. ഇതിനിടയില്‍ കോര്‍ണീഷില്‍ അറബ് അമേരിക്കന്‍ ഡോക്ടറുടെ ഫഌറ്റിനു പുറത്ത് ബോംബ് കണ്ടെത്തിയെന്ന വിവരം ലഭിച്ചു. ഞങ്ങള്‍ അങ്ങോട്ടുപോയി. അവിടെ കണ്ട നാടന്‍ ബോംബ് നിര്‍വീര്യമാക്കി.
പ്രതിയുടെ നീക്കങ്ങള്‍ മനസിലാക്കാന്‍ ക്യാമറാ ചിത്രങ്ങള്‍ സഹായിച്ചു. അവരുടെ താമസ സ്ഥലം കണ്ടെത്താനും കഴിഞ്ഞു- സംഘത്തിലുണ്ടായിരുന്ന രണ്ടു വനിതാ കമാണ്ടോകള്‍ പറഞ്ഞു. 43-ാം ദേശീയ ദിനാഘോഷം ടെലിവിഷന്‍ ചാനലില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഉടന്‍ ജോലി സ്ഥലത്തെത്താന്‍ നിര്‍ദേശം ലഭിച്ചതെന്ന് ഒരു കമാണ്ടോ വ്യക്തമാക്കി.
ഞങ്ങള്‍ പ്രതിയുടെ വീട് വളഞ്ഞ് അകത്തു കടന്നപ്പോള്‍ പ്രതി നടുക്കം പ്രകടിപ്പിച്ചു. ഇത്രവേഗം പോലീസ് തന്നെത്തേടിയെത്തുമെന്ന് പ്രതി കരുതിയിരിക്കില്ല. ആസൂത്രിതവും ചടുലവുമായ നീക്കങ്ങളായിരുന്നു ഞങ്ങളുടേത്. പ്രതിയെ കീഴടക്കേണ്ട ഉത്തരവാദിത്തം എന്നില്‍ അര്‍പിതമായിരുന്നു. പരിശോധനക്ക് മുമ്പ് പ്രതിയുടെ വില്ല വളഞ്ഞിരുന്നു. രാജ്യത്തോടുള്ള സ്‌നേഹമാണ് തന്നെ പോലീസില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. യു എ ഇ ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സൂചിപ്പിച്ചത് പോലെ, യു എ ഇ സുരക്ഷിതത്വത്തിനും സ്ഥിരതക്കും വെല്ലുവിളിയുയര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്നും വനിതാ കമാണ്ടോകള്‍ പറഞ്ഞു.