Connect with us

National

എ കെ 47ന്റെ കാഞ്ചി വലിക്കുന്നതിനേക്കാള്‍ ശക്തം വോട്ടിംഗ് യന്ത്രത്തില്‍ അമര്‍ത്തുന്നത്: മോദി

Published

|

Last Updated

സാംബ/ ശ്രീനഗര്‍: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വിരലമര്‍ത്തുന്നത് എ കെ 47 തോക്കിന്റെ കാഞ്ചി വലിക്കുന്നതിനേക്കാള്‍ ശക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ സാംബയില്‍ നടന്ന ബി ജെ പി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്താക്കപ്പെട്ടവരായി മാറിയവരെ പുനരധിവസിപ്പിക്കുകയെന്നത് രാഷ്ട്രത്തിന്റെ ചുമതലയാണ്. തന്റെ സര്‍ക്കാര്‍ ആ ചുമതല നിറവേറ്റുമെന്ന് കാശ്മീരി പണ്ഡിറ്റുകളെ സൂചിപ്പിച്ച് മോദി പറഞ്ഞു. തീവ്രവാദി ആക്രമണത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയത്. സന്ദര്‍ശനം പ്രമാണിച്ച് കനത്ത സംരക്ഷാ സന്നാഹമാണ് ഒരുക്കിയത്.
സംസ്ഥാനത്തെ രാജവംശ ഭരണം അവസാനിപ്പിക്കണം. പിതാവിന്റെയും മകന്റെയും ഭരണമാണ് സംസ്ഥാനം കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ പിതാവിന്റെയും മകളുടെയും ഭരണം. അവര്‍ സംസ്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തത്? – നാഷനല്‍ കോണ്‍ഫറന്‍സിനെയും പി ഡി പിയെയും നേരിട്ട് പരാമര്‍ശിക്കാതെ മോദി വിമര്‍ശിച്ചു. സംസ്ഥാനത്തിന് സുസ്ഥിരമായ ഭരണമാണ് വേണ്ടത്. അതിന് ബി ജെ പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുന്നതടക്കം വിവാദ വിഷയങ്ങള്‍ തൊടാതെയായിരുന്നു മോദിയുടെ പ്രസംഗം.
ബദ്ഗാമില്‍ നിരപരാധികളായ കൗമാരക്കാരെ വധിച്ച സൈനികര്‍ക്ക് എതിരെ നടപടിയെടുത്തത് ഇത്തരക്കാര്‍ക്ക് വ്യക്തമായ സന്ദേശമാണെന്ന് ശ്രീനഗറില്‍ നടന്ന റാലിയില്‍ മോദി പറഞ്ഞു. 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സൈനികര്‍ക്കെതിരെ നടപടിയെടുക്കുന്നത്. “ആര്‍ക്കും തെറ്റു പറ്റാം. ഇത്തവണ സൈനിക നേതൃത്വം അത് സമ്മതിച്ചു. വിഷയത്തില്‍ അന്വേഷണ കമ്മീഷനെ വെച്ചു. തെറ്റുകാരെ ശിക്ഷിച്ചു. ഇതില്‍ എന്റെ സര്‍ക്കാറിന്റെ നിശ്ചദാര്‍ഢ്യവും സദ്ഭാവനയുമാണ് കാണിക്കുന്നത്. ഞാന്‍ വന്നിരിക്കുന്നത് നീതി നടപ്പാക്കാനാണ്- ഹര്‍ഷാരവങ്ങള്‍ക്കിടെ മോദി പറഞ്ഞു. എല്ലാ മക്കളും അവരുടെ മാതാവിന് അങ്ങേയറ്റം പ്രിയപ്പെട്ടവരാണ്. ഇവിടെ രാജ്യത്തിന്റെ കുട്ടികള്‍ വധിക്കപ്പെട്ടപ്പോള്‍ രാജ്യത്തിന് നൊന്തു. പൗരന്‍മാരുടെ സൈ്വര ജീവിതത്തിനായി ജീവിതം ബലിയര്‍പ്പിച്ച പോലീസ് സേനാംഗങ്ങളെയും സൈനികരെയും രാഷ്ട്രം ആവേശപൂര്‍വം അനുസ്മരിക്കുന്നു. കാശ്മീര്‍ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിച്ചപ്പോഴും അവരുടെ ധീരതയും അര്‍പ്പണവും രാജ്യം കണ്ടുവെന്ന് മോദി പറഞ്ഞു.

Latest