Connect with us

Sports

ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ആസ്‌ത്രേലിയയും ഇന്ത്യയും തോറ്റു

Published

|

Last Updated

ഭുവനേശ്വര്‍: മുപ്പത്തഞ്ചാമത് ചാമ്പ്യന്‍സ് ട്രോഫി ഹോക്കിക്ക് അട്ടിമറിത്തുടക്കം. തുടരെ ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ആസ്‌ത്രേലിയയെ ഇംഗ്ലണ്ട് മറിച്ചിട്ട (1-3)പ്പോള്‍ ഏഴായിരത്തോളം വരുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ വര്‍ധിത ആവേശത്തോടെ കളിക്കാനിറങ്ങിയ ആതിഥേയരായ ഇന്ത്യയെ ജര്‍മനി അവസാന മിനുട്ടിലെ ഗോളില്‍ ഞെട്ടിച്ചു. ബെല്‍ജിയം 2-1ന് പാക്കിസ്ഥാനെയും ഹോളണ്ട് 3-0ന് അര്‍ജന്റീനയെയും വീഴ്ത്തി.

പൂള്‍ എയില്‍ മൂന്ന് പോയിന്റോടെ ഇംഗ്ലണ്ടും ബെല്‍ജിയവും ആദ്യ സ്ഥാനങ്ങളില്‍. ഗോള്‍ ശ1രാശരിയുടെ ബലത്തില്‍ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.
പൂള്‍ ബിയില്‍ ഹോളണ്ടും ജര്‍മനിയും മൂന്ന് പോയിന്റോടെ മുന്‍നിരയില്‍. ഗോള്‍ ശരാശരിയില്‍ ഹോളണ്ട് ഒന്നാം സ്ഥാനത്ത്.
വീണ്ടും അവസാന മിനുട്ടില്‍ വീഴ്ച
ലോകകപ്പില്‍ ബെല്‍ജിയം, ഇംഗ്ലണ്ട് ടീമുകളോട് അവസാന മിനുട്ടില്‍ തോല്‍വിയിലേക്ക് വഴുതി വീണ ഇന്ത്യ ഇന്നലെയും അതാവര്‍ത്തിച്ചു. ആര്‍ത്തലച്ച നാട്ടുകാര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ തുലച്ച ഇന്ത്യ ഫ്‌ളോറിയന്‍ ഫുര്‍ഷിന്റെ അവസാന മിനുട്ട് ഗോളില്‍ പരാജയപ്പെട്ടു. സ്‌പ്രേ ചെയ്യും പോലെയായിരുന്നു ജര്‍മനി ഗ്രൗണ്ടിലുടനീളം പാസിംഗ് നടത്തിയത്. അതിവേഗത്തിലൂള്ള ജര്‍മന്‍ ഗെയിം ഇന്ത്യന്‍ മധ്യനിരയെ തകര്‍ത്തു. ആസ്‌ത്രേലിയക്കെതിരെ നേടിയ അവിസ്മരണീയ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസം ഇന്ത്യ ചതിച്ചുവെന്ന് പറയാം. യുവത്വവും പരിചയ സമ്പത്തും ചേരുന്ന ജര്‍മനിക്ക് മുന്നില്‍ ഇന്ത്യ പാടെ പരാജയപ്പെട്ടു. ഗോള്‍ കീപ്പര്‍ ശ്രീജേഷിന്റെ മിന്നും പ്രകടനമാണ് തോല്‍വിയുടെ ഭാരം കുറച്ചത്.
ആസ്‌ത്രേലിയ തകര്‍ന്നു പോയി
തുടരെ അഞ്ച് തവണ ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയയെ അട്ടിമറിക്കാനുള്ള ആത്മവിശ്വാസം ഇംഗ്ലണ്ട് നേടിയെടുത്തത് ഇന്ത്യയുടെ കളി കണ്ടിട്ടാണ്. ആസ്‌ത്രേലിയന്‍ മണ്ണില്‍ പരമ്പര ജയവും പരിശീലന മത്സരത്തിലെ ജയവുമായി ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമിനെ വരുതിയില്‍ നിര്‍ത്തിയിരുന്നു.
ഇതു തന്നെയാണ് ഇംഗ്ലണ്ടിന്റെ പ്രകടനത്തില്‍ നിഴലിച്ചത്. സാമുവല്‍ വാര്‍ഡിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് മികച്ച ജയമൊരുക്കിയത്. ആറാം മിനുട്ടില്‍ അലസ്റ്റര്‍ ബ്രോഗ്ഡന്റെ ഗോളില്‍ ലീഡെടുത്ത ഇംഗ്ലണ്ട് 27, 56 മിനുട്ടുകളില്‍ സാമുവലിന്റെ ഗോളുകളില്‍ ലീഡുയര്‍ത്തി. 54താം മിനുട്ടില്‍ പെനാല്‍റ്റി കോര്‍ണര്‍ സ്‌പെഷ്യലിസ്റ്റ് ക്രിസ് സിറെലോ ആസ്‌ത്രേലിയയുടെ ആശ്വാസ ഗോളടിച്ചു. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ജാമി ഡയര്‍, മാര്‍ക് നോള്‍സ്, കീരന്‍ ഗവേഴ്‌സ്, ജോയല്‍ കരോള്‍ എന്നിവരില്ലാത്തത് ആസ്‌ത്രേലിയന്‍ പ്രകടനത്തെ കാര്യമായി ബാധിച്ചു.
ബെല്‍ജിയം വരവറിയിച്ചു
ബെല്‍ജിയത്തിനായി താന്‍ഗുയ് കോസിന്‍സ് (12), ബ്രീല്‍സ് (44) ഗോളുകള്‍ നേടിയപ്പോള്‍ ഇമ്രാന്‍ ഭട്ടിലൂടെ പാക്കിസ്ഥാന്‍ മുപ്പത്താറാം മിനുട്ടില്‍ സമനില ഗോള്‍ നേടി. കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബെല്‍ജിയത്തിന്റെ വിജയം തടയാന്‍ പാക്കിസ്ഥാന് സാധിച്ചില്ല. പതിനഞ്ച് മിനുട്ട് വരുന്ന ആദ്യ ക്വാര്‍ട്ടറില്‍ നേടിയ ലീഡ് ഗോള്‍ ബെല്‍ജിയത്തിന് ആത്മവിശ്വാസം നല്‍കി. ആദ്യ പകുതി വരെ പാക്കിസ്ഥാനെതിരെ ആധിപത്യം തുടരാന്‍ യൂറോപ്യന്‍ ടീമിന് സാധിക്കുകയും ചെയ്തു. എന്നാല്‍, രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുറച്ചായിരുന്നു പാക്കിസ്ഥാന്‍ ഗ്രൗണ്ടിലെത്തിയത്. ആറ് മിനുട്ടിനുള്ളില്‍ പെനാല്‍റ്റി സ്‌ട്രോക്ക് സമ്പാദിച്ച് പാക്കിസ്ഥാന്‍ ഗോളിലേക്ക് വഴിതുറന്നു.
പെനാല്‍റ്റി കോര്‍ണര്‍ ഫഌക്ക് ബെല്‍ജിയം ഡിഫന്‍ഡര്‍ ലോയിക് ല്യുപെര്‍ഡിന്റെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി. ക്യാപ്റ്റന്‍ ഇമ്രാന് പിഴച്ചില്ല.
ഗോളി വിന്‍സെന്റ് വനാഷിന് അവസരം നല്‍കാതെ പന്ത് വലയിലെത്തി. എട്ട് മിനുട്ടിനുള്ളില്‍ പാക്കിസ്ഥാന്റെ സന്തോഷം ബെല്‍ജിയം എടുത്തു കളഞ്ഞു. ടോം ബൂണിന്റെ ഉജ്വലമായ നീക്കത്തില്‍ പാക്കിസ്ഥാന്റെ പ്രതിരോധ നിരയാകെ കാഴ്ചക്കാരായി. ബൂണ്‍ തളികയിലെന്ന പോലെ നല്‍കിയ പാസ് ബ്രീല്‍സ് വലയിലാക്കി.
പാക്കിസ്ഥാനെ പോലൊരു മികച്ച ടീമിനെതിരെ ജയിക്കാന്‍ സാധിച്ചത് ടൂര്‍ണമെന്റില്‍ കുതിപ്പ് നടത്താനുള്ള ആത്മവിശ്വാസം നല്‍കുന്നുവെന്ന് ബെല്‍ജിയം ക്യാപ്റ്റന്‍ ജോണ്‍ ഡോഹ്മന്‍. അത്ര മികച്ചതായിരുന്നില്ല ഞങ്ങളുടെ കളി, എന്നാല്‍ അത്ര മോശവുമായിരുന്നില്ല. അടുത്ത കളിയില്‍ കുറേക്കൂടി മെച്ചപ്പെടും – ജോണ്‍ പറഞ്ഞു.
ഇന്ന് ആസ്‌ത്രേലിയക്കെതിരെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരുമെന്നാണ് ജോണിന്റെ നിരീക്ഷണം. കാരണം, ഇംഗ്ലണ്ടിനോട് തോറ്റത് ആസ്‌ത്രേലിയയെ ഉണര്‍ത്തിയിട്ടുണ്ടാകും.
ലോകചാമ്പ്യന്‍മാര്‍ ജയിക്കാന്‍ വേണ്ടി മാത്രമാകും കളത്തിലിറങ്ങുകയെന്നും ബെല്‍ജിയം ക്യാപ്റ്റന്‍ പറയുന്നു.
പാക്കിസ്ഥാന്‍ കോച്ച് ഷഹനാസ് ഷെയ്ഖ് ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഏറെക്കാലത്തിന് ശേഷമാണ് യൂറോപ്യന്‍ ടീമിനെതിരെ കളിക്കുന്നത്. പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ തന്റെ ടീം കളിച്ചു- ഷഹനാസ് പറഞ്ഞു.
ഡച്ചിന് മുന്നില്‍ ലാറ്റിന്‍ വീണു
ലാറ്റിനമേരിക്കയുടെ പ്രതിനിധിയായ അര്‍ജന്റീന കണ്ണടച്ചും തുറക്കും മുമ്പെ ഹോളണ്ട് നേടിയ ആദ്യ രണ്ട് ഗോളുകള്‍ മത്സരഗതി നിര്‍ണയിച്ചു. 13,19 മിനുട്ടുകളിലായിരുന്നു വാന്‍ഡെര്‍ വീര്‍ഡനും കെംപര്‍മാനും അര്‍ജന്റൈന്‍ വല കുലുക്കിയത്. മൂന്നാം ഗോള്‍ അവസാന ക്വാര്‍ട്ടറില്‍ വാന്‍ പുഫെലെന്‍ നേടി.
ലോകകപ്പ് വെള്ളി മെഡല്‍ ജേതാക്കളായ ഹോളണ്ട് അര്‍ജന്റീനക്കെതിരെ ആദ്യ പാദത്തില്‍ അഞ്ച് പെനാല്‍റ്റി കോര്‍ണറുകളാണ് നേടിയത്. ഇതിലൊന്നാണ് ഗോളായത്. ഒരു ഗോള്‍ശ്രമം അര്‍ജന്റീന ഗോളി മനു ബ്രുനെറ്റ് ഗോള്‍ ലൈനില്‍ വെച്ച് തടഞ്ഞു.
തുടര്‍ന്നുള്ള മൂന്ന് ക്വാര്‍ട്ടറുകളിലും ആക്രമണ ഗെയിം കാഴ്ച വെച്ച് ഹോളണ്ട് ലാറ്റിനമേരിക്കക്കാരെ ഒതുക്കി.

Latest