Connect with us

Sports

ഡല്‍ഹിയെ തളച്ച് കൊല്‍ക്കത്ത

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ഡൈനാമോസുമായുള്ള ഗോളില്ലാ കളിയോടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിഫൈനല്‍ ബെര്‍ത്തിനരികെ. പന്ത്രണ്ട് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുള്ള അത്‌ലറ്റിക്കോ ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. പതിനെട്ട് പോയിന്റുള്ള എഫ് സി ഗോവ ഗോള്‍ ശരാശരിയിലെ മുന്‍തൂക്കത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. പതിനാല് പോയിന്റോടെ ഡല്‍ഹി ഡൈനാമോസ് അഞ്ചാം സ്ഥാനത്ത്. മത്സരം സമനിലയായത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാലാം സ്ഥാനം സുരക്ഷിതമാക്കി. ഡല്‍ഹി ജയിച്ചിരുന്നെങ്കില്‍ കേരളം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമായിരുന്നു. ഡല്‍ഹിയുടെ ഡോസ് സാന്റോസാണ് ഹീറോ ഓഫ് ദ മാച്ച്.
സെമിഫൈനല്‍ സ്‌പോട് ലക്ഷ്യമിട്ട് അത്‌ലറ്റിക്കോ കോച്ച് അന്റോണിയോ ലോപസ് ഹബാസ് പ്രതിരോധം ശക്തിപ്പെടുത്താനാണ് ശ്രദ്ധിച്ചത്. പ്രത്യാക്രമണത്തിലൂടെ നേടുന്ന ഗോളില്‍ ജയിച്ചു കയറാനായിരുന്നു പദ്ധതി. ഇതിന് എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രു ടെഫെറെയെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് കൊല്‍ക്കത്ത പന്ത് തട്ടിയത്. ലെഫ്റ്റ് വിംഗില്‍ യാകുബ് പൊഡാനിയും വലത് വിംഗില്‍ ഇന്ത്യന്‍ താരം ബല്‍ജിത് സാഹ്‌നിയും. മധ്യനിരയില്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് സ്പാനിഷ് താരം ബോര്‍ജ ഫെര്‍നാണ്ടസും ഓഫെന്‍സെ നാറ്റോയും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ മാസിയ.
സാഹ, ജോസെമി, അര്‍നാബ്, കിംഗ്ഷുക് പ്രതിരോധത്തില്‍.
ഡല്‍ഹി ഡൈനാമോസ് ഹോംഗ്രൗണ്ടില്‍ ആക്രമണ ഫുട്‌ബോള്‍ മാത്രമാണ് ലക്ഷ്യമിട്ടത്. 4-3-3 ശൈലിയിലാണ് ടീം വിന്യസിച്ചത്. ഡെന്‍മാര്‍ക്ക് താരം ജങ്കര്‍, ഇന്ത്യന്‍ താരം ഫ്രാന്‍സിസ്, ഡച്ച് സ്‌ട്രൈക്കര്‍ മുള്‍ഡര്‍ എന്നിവരാണ് മുന്നേറ്റ നിരയില്‍ അണിനിരന്നത്. ബ്രസീലിയന്‍ താരം സാന്റോസ്, പോര്‍ച്ചുഗലിന്റെ ഡിനിസ് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരം സൗവിക് മധ്യനിരയില്‍. ഷൗവിക്, ഹൂബന്‍, അന്‍വര്‍, ആദില്‍ എന്നിവരാണ് ഡല്‍ഹിയുടെ പ്രതിരോധ നിരയിലുണ്ടായിരുന്നത്.
ആദ്യപകുതിയില്‍ ഡല്‍ഹിക്കായിരുന്നു ബോള്‍ പൊസഷന്‍ കൂടുതല്‍. രണ്ടാം പകുതിയില്‍ അത്‌ലറ്റിക്കോ കുറേക്കൂടി മെച്ചപ്പെട്ടു. പക്ഷേ, മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടു. ഡല്‍ഹിയുടെ പ്ലേമേക്കര്‍ ഗുസ്താവോ സാന്റോസ് ഇടക്ക് മിന്നലാട്ടം നടത്തി. അമ്പത്തേഴാം മിനുട്ടിലായിരുന്നു സാന്റോസിന്റെ തകര്‍പ്പന്‍ പ്രകടനം. ബോക്‌സിന് സമാന്തരമായി പന്തുമായി കുതിച്ചെത്തിയ സാന്റോസ് പ്രതിരോധ നിരക്കാരെ കീഴടക്കി തൊടുത്ത ഷോട്ട് അത്‌ലറ്റിക്കോ ഗോളി എദെല്‍ ബെറ്റെ പറന്ന് തട്ടുകയായിരുന്നു.
ഏഴാം മിനുട്ടില്‍ അത്‌ലറ്റിക്കോ ഗോളിനടുത്തെത്തി. ഇടത് വിംഗില്‍ നിന്ന് പൊഡാനി ഒറ്റക്ക് നടത്തിയ കുതിപ്പില്‍ ബോക്‌സ് കാലിയായി. പന്തിന് കാത്തു നിന്ന ഫിക്രുവിന് പാസ് നല്‍കാന്‍ മടിച്ചു നിന്ന പൊഡാനി അവസരം തുലച്ചു.
പലതവണ ഡല്‍ഹി ഗോള്‍ മുഖം വിറപ്പിച്ചത് ചെക് വിംഗര്‍ പൊഡാനിയുടെ അനായാസ മുന്നേറ്റമായിരുന്നു.
പക്ഷേ, ഗോളിലേക്കുള്ള വീക്ഷണം പൊഡാനിയില്‍ കണ്ടില്ല. സ്വന്തം നിലക്ക് ഗോളടിക്കാന്‍ മാത്രമായിരുന്നു പൊഡാനിയുടെ ശ്രമം. അവസരം ലഭിച്ചപ്പോഴാകട്ടെ ബല്‍ജിത് പാഴാക്കുകയും ചെയ്തു. ഫിക്രു ടൂര്‍ണമെന്റിലെ ആദ്യ ഘട്ടത്തിലെ ഫോമിന്റെ ഏഴയലത്തില്ലായിരുന്നു.

---- facebook comment plugin here -----

Latest