Connect with us

National

എ ആര്‍ ആന്തുലെ അന്തരിച്ചു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അബ്ദുര്‍റഹ്മാന്‍ ആന്തുലെ (85) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് എ ആര്‍ ആന്തുലെയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. നേരത്തെ ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ജന്മദേശമായ മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലുള്ള അംബേട് ഗ്രാമത്തില്‍ മയ്യിത്ത് ഇന്ന് ബബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ മുസ്‌ലിം നേതാവായിരുന്നു കോണ്‍ഗ്രസുകാരനായ ആന്തുലെ. 1980- 82 കാലത്താണ് മുഖ്യമന്ത്രിയായത്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ യു പി എ സര്‍ക്കാറില്‍ ന്യൂനപക്ഷ മന്ത്രിയായി. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ആന്തുലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. ആന്തുലെയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ പേരില്‍ അഴിമതി കാണിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജി. സിമന്റ് അഴിമതിയാരോപണത്തെ തുടര്‍ന്ന് പാര്‍ലിമെന്റ് തുടര്‍ച്ചയായി സ്തംഭിച്ചതോടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. കേസില്‍ ബോംബെ ഹൈക്കോടതി ആന്തുലെയെ ശിക്ഷിച്ചിരുന്നു. പന്ത്രണ്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷം സുപ്രീം കോടതിയാണ് കുറ്റവിമുക്തനാക്കിയത്.