പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രവാസികള്‍ക്ക് വോട്ട്

Posted on: December 2, 2014 3:58 am | Last updated: December 1, 2014 at 11:59 pm

voteeeeeeeeeeeതിരുവനന്തപുരം: ബ്ലോക്ക് പഞ്ചായത്തുകളുടെ പുനഃസംഘടനയും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനും വ്യവസ്ഥ ചെയ്യുന്ന പഞ്ചായത്തീരാജ് ഭേദഗതി നിയമം നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ബില്‍ പരിഗണിച്ചത്. കെ ശിവദാസന്‍ നായരും സണ്ണി ജോസഫും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

പ്രവാസികള്‍ക്ക് പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശം നല്‍കിയതിന്റെ ചുവടുപിടിച്ചാണ് പുതിയ വ്യവസ്ഥ. അങ്കണ്‍വാടി, ബാലവാടി ജീവനക്കാരും ആശ വര്‍ക്കര്‍മാരും ഒഴികെയുള്ള പാര്‍ട്ട് ടൈം ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കുന്നതാണ് മറ്റൊരു വ്യവസ്ഥ. ഓര്‍ഡിനന്‍സ് വഴി നിയമം ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. പഞ്ചായത്തുകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഒരേസമയത്ത് ആക്കാന്‍ ഒഴിവുവരുന്നതിന്റെ ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താം. സ്ഥാനമൊഴിയുന്ന പ്രസിഡന്റും വൈസ് പ്രസിഡന്റും തങ്ങളുടെ പിന്‍ഗാമികള്‍ക്ക് അധികാരം കൈമാറാതിരിക്കുകയും രേഖകളും പണവും കൈമാറാതിരിക്കുകയും ചെയ്താല്‍ പതിനായിരം രൂപ വരെ പിഴചുമത്തും.
മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ വേണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. വ്യാപാര കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ചന്തകള്‍, അറവു ശാലകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മത്സ്യ സ്റ്റാളുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഫഌാറ്റുകള്‍, ഹോട്ടലുകള്‍, കാറ്ററിംഗ് സര്‍വീസ് സ്ഥാപനങ്ങള്‍, നാനൂറ് ചതുരശ്ര മീറ്ററില്‍ കൂടുതല്‍ തറവിസ്തൃതിയുള്ള വീടുകള്‍, ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്യുന്ന മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ മാലിന്യസംസ്‌കരണ സംവിധാനം നിര്‍ബന്ധമാക്കും. ഇത് ഒരുക്കിയില്ലെങ്കില്‍ പിഴ ചുമത്തും.
പ്ലാസ്റ്റിക് കവറുകള്‍, സഞ്ചികള്‍ എന്നിവയുടെ ഏറ്റവും കുറഞ്ഞ വില നിശ്ചയിക്കുന്നതിനും ഇവയുടെ വില്‍പ്പനക്ക് അധിക ഫീസ് ഈടാക്കാനും പഞ്ചായത്തിന് അധികാരമുണ്ടാകും. ഇങ്ങനെ ചുമത്തുന്ന ഫീസും കേസുകളില്‍ ലഭിക്കുന്ന പിഴയും ചേര്‍ത്ത് ഗ്രാമപഞ്ചായത്തില്‍ മാലിന്യനിര്‍മാര്‍ജന ഫണ്ട് രൂപവത്കരിക്കും. മാലിന്യം ഉറവിടത്തില്‍ വേര്‍തിരിക്കാതിരുന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.