കുറ്റിച്ചിറയിലെ വിമത നീക്കം: ലീഗില്‍ പിളര്‍പ്പ് ഉറപ്പായി

Posted on: December 1, 2014 10:01 am | Last updated: December 1, 2014 at 10:01 am

leagueകോഴിക്കോട്: നഗരത്തിലെ മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ടയായ കുറ്റിച്ചിറയില്‍ ഏറെ നാളായി പുകഞ്ഞു കൊണ്ടിരിക്കുന്ന വിമതനീക്കം പിളര്‍പ്പിലെത്തുമെന്ന് ഉറപ്പായി. പാര്‍ട്ടിനേതൃത്വത്തിന്റെ അനുരജ്ഞന ശ്രമങ്ങള്‍ തള്ളി കഴിഞ്ഞ ദിവസം വിമതര്‍ നടത്തിയ കണ്‍വെന്‍ഷനോടെയാണ് പിളര്‍പ്പ് ഉറപ്പായത്. പ്രദേശത്തെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ നിരവധി പേരാണ് കണ്‍വെന്‍ഷനില്‍ സജീവമായി പങ്കെടുത്തത്. പരിപാടിക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിക്ക് നിര്‍ബന്ധിതരായിരിക്കുകയായണ്. നടപടിയെടുക്കുന്നതോടെ ഏറെ കാലമായി തുടങ്ങിയ ഭിന്നത പിളര്‍പ്പിലെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന കണ്‍വെന്‍ഷനില്‍ നേരത്തെ വിമതസ്വരമുയര്‍ത്തി പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയ ഡോ. കെ ടി ജലീല്‍ എം എല്‍ എയെ തന്നെ ഉദ്ഘാടകനായി കൊണ്ടു വന്നതും നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഇതിനു സമാനമായി പി ടി എ റഹീം എം എല്‍ എ പങ്കെടുപ്പിച്ചും കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. ലീഗിന്റെ നഗരത്തിലെ തട്ടകം എന്ന നിലയിലും സി എച്ചിന്റെ പ്രവര്‍ത്തന മേഖല എന്ന നിലയിലും വൈകാരികമായി പാര്‍ട്ടിയുമായി ഏറെ അടുത്തു നിന്നിരുന്ന പ്രദേശമാണ് കുറ്റിച്ചിറ. ഇവിടെയുണ്ടായ ഭിന്നത പരിഹരിക്കാനാവാതെ പിളര്‍പ്പിലേക്കെത്തുന്നത് പാര്‍ട്ടി നേതൃത്വം ഏറെ ഗൗരവത്തോടെയാണ് നോക്കികാണുന്നത്. പ്രാദേശിക നേതാക്കള്‍ക്ക് മന്ത്രി ഡോ. എം കെ മുനീറിനോടും ജില്ലാ നേതൃത്വത്തിലെ ചിലരോടുള്ള അഭിപ്രായ വ്യത്യാസമാണ് വിമതനീക്കത്തിലേക്കും നടപടിയിലേക്കുമൊക്കെ എത്തിച്ചത്. വിമത നീക്കത്തെ നേരിടാന്‍ പ്രദേശത്ത് പാര്‍ട്ടി നടത്തിയ ശ്രമങ്ങളൊന്നും വിജയം കാണാത്തതും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടി മാറ്റിവെക്കാന്‍ നേതൃത്വം അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി കെ പി എ മജീദും തിരിച്ചെത്തിയാല്‍ പ്രശ്‌നത്തില്‍ ഇടാപെടാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിനും കാത്തുനില്‍ക്കാതെയാണ് വിമതര്‍ സ്വന്തം പരിപാടികളുമായി മുന്നോട്ട് പോയത്. പ്രദേശത്തെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ഭാരവാഹികള്‍ തന്നെയായിരുന്നു പരിപാടിയുടെ സംഘാടകര്‍. ഗ്രീന്‍സ്റ്റാര്‍ എന്ന പേരിലാണ് വിമതര്‍ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. പാര്‍ട്ടിയെ ധിക്കരിച്ചു കൊണ്ട് വിമത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ അടുത്ത ദിവസങ്ങളില്‍ തന്നെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് പാര്‍ട്ടിക്കുള്ളിലുള്ള തീരുമാനം. നേരത്തെ പി ടി എ റഹീം എം എല്‍ എയെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷന്‍ നടത്തിയതിന് ശാഖ ലീഗ് പ്രസിഡന്റും സെക്രട്ടറിയുമുള്‍പ്പെടെ ഏഴ് പേരെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരുന്നു. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും തങ്ങള്‍ക്കൊപ്പമാണെന്നാണ് വിമതരുടെ പക്ഷം. കഴിഞ്ഞ ദിവസം തടന്ന പരിപാടിയിലെ ജനപങ്കാളിത്തം ഇത് വ്യക്തമാക്കുന്നതാണ്. നിലപാടുകള്‍ തിരുത്താത്ത മന്ത്രി മുനീറിനോടും ജില്ലാ നേതൃത്വത്തോടും സഹകരിക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിമതപക്ഷം.
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പല വാര്‍ഡുകളിലുമുള്ള വിഭാഗീയത പുതിയ സാഹചര്യത്തില്‍ മറനീക്കി പുറത്തുവരുമോ എന്ന ഭീതിയും നേതൃത്വത്തിനുണ്ട്. വിമതര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ഉറപ്പായതോടെ ഇവരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ഐ എന്‍ എല്‍, നാഷ്‌നല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് എന്നിവരും ശ്രമം തുടങ്ങിയിട്ടുണ്ട്.