ചെന്നൈയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം: പ്രതികള്‍ക്ക് ജീവപര്യന്തം

Posted on: November 30, 2014 4:39 am | Last updated: November 29, 2014 at 11:40 pm

prisonചെന്നൈ: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി സി എസ് ) ഓഫീസ് ജീവനക്കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മൂന്ന് പ്രതികളെയും ചെങ്കല്‍പേട്ട് മഹിളാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രാം മണ്ഡല്‍, ഉത്തം മണ്ഡല്‍, ഉജ്ജ്വല്‍ മണ്ഡല്‍ എന്നീ മൂന്ന് കുടിയേറ്റ തൊഴിലാളികളെയാണ് മഹിളാ കോടതി ജഡ്ജി അനന്തി ശിക്ഷിച്ചത്.
ഈ വര്‍ഷം ഫെബ്രുവരി 13നാണ് ടി സി എസ് ജീവനക്കാരിയായ ഉമാ മഹേശ്വരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നത്. ചെന്നൈയില്‍ സിരുസെരിയിലെ ‘സിപ്‌കോട്ട് ഐ ടി പാര്‍ക്കിലെ’ ഓഫീസ് ജീവനക്കാരിയായിരുന്നു ഉമ. ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ഈ കേസ്. 51 പ്രോസിക്യൂഷന്‍ സാക്ഷികളെ കോടതി വിസ്തരിച്ചു. 119 തൊണ്ടികളും മറ്റ് തെളിവുകളും പരിശോധിച്ചു.
ഫെബ്രുവരി 13ന് രാത്രി ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ കേളംബാക്കത്ത് വെച്ചാണ് യുവതിയെ കാണാതായത്. ഫെബ്രുവരി 22നാണ് ഇവരുടെ മൃതദേഹം കണ്ടുകിട്ടിയത്. തമിഴ്‌നാട് പോലീസ് ആദ്യമായി ആളില്ലാ ഡ്രോണ്‍ വിമാനവും എം ഐ ടി റിസര്‍ച്ച് വിഭാഗക്കാരെയും ഉപയോഗിച്ച് അന്വേഷണം നടത്തിയ കേസാണിത്. ഐ ടി പാര്‍ക്കിലെ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതശരീരം കണ്ടെടുത്തത്. സി ബി- സി ഐ ഡി സംഘം തെളിവായി പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ്, കഠാര, ചെരുപ്പ്, സൊഡെക്‌സ് കൂപ്പണടങ്ങിയ ബാഗ് എന്നിവയും കണ്ടെടുത്തിരുന്നു.
കൂട്ടബലാത്സംഗം നടന്ന സ്ഥലം സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് പരിശോധിക്കുമ്പോള്‍ മുഖം മറച്ച ഒരാളടക്കം മൂന്ന് പേര്‍ എ ടി എം കിയോക്‌സിലേക്ക് നീങ്ങുന്നതായി കണ്ടു. ഉമാ മഹേശ്വരിയെ കാണാതായ ദിവസം തന്നെയായിരുന്നു ഇത്. ഉമയില്‍ നിന്ന് തട്ടിയെടുത്ത ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായും കണ്ടെത്തി. മൊബൈലില്‍ നിന്ന് വിളിച്ച കോളുകളെ പിന്തുടര്‍ന്ന് റാമിനേയും ഉത്തമിനേയും പോലീസ് പിടികൂടി. അവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.
ഇവരുടെ കൂട്ടാളിയായ ഉജ്ജ്വല്‍ മണ്ഡല്‍ അതിനകം ട്രെയിനില്‍ കൊല്‍ക്കത്തക്ക് പോയതായും ഇവര്‍ വെളിപ്പെടുത്തി. ഫെബ്രുവരി 26ന് ഉജ്ജ്വലിനെ കൊല്‍ക്കത്തയില്‍ എത്തുന്നതിന് മുമ്പ് ട്രെയിനില്‍ വെച്ച് തന്നെ പോലീസ് പിടികൂടി. ഇയാളുടെ മൊഴിയില്‍ നിന്ന് ലഭിച്ച സൂചനകളനുസരിച്ച് ഉമ ധരിച്ചിരുന്ന രണ്ട് കമ്മലുകളും ഒരു ചെമ്പ് മോതിരവും മൊബൈല്‍ ഫോണും കണ്ടെടുത്തു. പ്രതികളെ പുഴാല്‍ ജയിലിലേക്ക് മാറ്റി.