ശൈഖ് മുഹമ്മദ് മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി

Posted on: November 28, 2014 9:11 pm | Last updated: November 28, 2014 at 9:11 pm

dubai journalist forumദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നാഷനല്‍ മീഡിയ കൗണ്‍സിലി(എന്‍ എം സി) ന്റെ ക്ഷണപ്രകാരം രാജ്യം സന്ദര്‍ശിക്കുന്ന അറബ് മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ പ്രമുഖ സ്വദേശി മാധ്യമപ്രവര്‍ത്തകരും എമിറേറ്റ്‌സ് ടവേഴ്‌സില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തു. യു എ ഇ മീഡിയ ഫോറത്തിന്റെ രണ്ടാമത് എഡിഷന്റെ ഭാഗമായാണ് ദേശീയ ദിനാഘോഷം കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകരുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചത്. രാജ്യത്ത് കഴിയുന്ന പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ചു. ഇത്തരം കൂടിച്ചേരലിലൂടെ വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് അറിയാനും പരസ്പരം സാങ്കേതികവിദ്യ ഉള്‍പെടെയുള്ളവ പങ്കിടാനും സാധിക്കുന്നതിനൊപ്പം രാജ്യത്തിന്റെ ശബ്ദവും കണ്ണാടിയുമായി മാറാനും മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന്് യോഗം വിലയിരുത്തി. ശൈഖ് മുഹമ്മദിന്റെ താല്‍പര്യപ്രകാരമായിരുന്നു ഇത്തരം ഒരു ഒത്തുചേരല്‍ സംഘടിപ്പിച്ചത്.
സഹമന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ജാബര്‍, എന്‍ എം സി ഡയറക്ടര്‍ ജനറല്‍ ഇബ്രാഹീം അല്‍ അബ്ദ്, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍, ദുബൈ മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറല്‍ മുനാ അല്‍ മറി തുടങ്ങിയവരും പങ്കെടുത്തു.