കണ്ണീര്‍ വാര്‍ത്തും കലമുടച്ചും ദേശീയപാത ഇരകളുടെ പ്രതിഷേധം

Posted on: November 28, 2014 10:04 am | Last updated: November 28, 2014 at 10:04 am

കോഴിക്കോട്: വിതുമ്പിക്കരഞ്ഞും കണ്ണീര്‍ വാര്‍ത്തും കലമുടച്ചും ഇരകളുടെ പ്രതിഷേധം. കിടപ്പാടവും മണ്ണും ദേശീയപാത വികസനത്തിനായി നഷ്ടപ്പെടുന്നവരുടെ വേദനയായിരുന്നു ഇന്നലെ രാവിലെ കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ അനുഭവപ്പെട്ടത്. നിസ്സഹായതയും ആശങ്കയുമായി സാധാരണക്കാരായ നൂറുകണക്കിന് കുടുംബങ്ങളാണ് ദേശീയപാത കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനെത്തിയത്.

ദേശീയപാതക്കായി ഭൂമി നഷ്ടപ്പെടുമെന്ന ഭീതിയില്‍ മൂന്നര വര്‍ഷം മുമ്പ് ചോറോടില്‍ ആത്മഹത്യ ചെയ്ത ലക്ഷ്മണന്റെ ഭാര്യ ലീലാമ്മ കലക്ടറേറ്റിന് മുന്നില്‍ കലം എറിഞ്ഞുടച്ച് സമരം ഉദ്ഘാടനം ചെയ്തു. കുടുംബത്തില്‍ ബാക്കിയുള്ളവര്‍ കൂടി ആത്മഹത്യ ചെയ്യാതിരിക്കാന്‍ ദേശീയപാത അധികൃതര്‍ പിന്‍മാറണമെന്ന് വിതുമ്പിക്കരഞ്ഞുകൊണ്ട് ലീലാമ്മ പറഞ്ഞു.
ഇത്തരത്തില്‍ സ്ഥലവും വീടും നഷ്ടപ്പെടുന്നവരാണ് സമരത്തിനെത്തിയവരെല്ലാം. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്നും സ്ഥലമെടുക്കുന്നതിന് മുമ്പ് നഷ്ടപരിഹാരം നല്‍കി പുനരധിവാസം ഉറപ്പാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
ദേശീയപാത കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ എ ടി മഹേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി, മനയത്ത് ചന്ദ്രന്‍, റസാഖ് പാലേരി, അബ്ദുര്‍റഹ്മാന്‍, ഹാഷിം, പ്രകാശ് ബാബു, സ്വാദിഖ് ഉളിയില്‍, അഡ്വ സക്കരിയ, സുബൈദ കക്കോടി സംസാരിച്ചു.