Connect with us

Kerala

സ്‌കൂള്‍ ശാസ്‌ത്രോല്‍സവം: രക്തം പുരണ്ട കൈയുമായി ദേവു

Published

|

Last Updated

തിരൂര്‍: മത്സരത്തിനിടെ കൈ മുറിഞ്ഞ് രക്തം പൊടിഞ്ഞിട്ടും ദേവു പിന്‍മാറിയില്ല. ദൃഢനിശ്ചയത്തോടെ അവള്‍ മത്സരം പൂര്‍ത്തിയാക്കി. തൃശൂര്‍ ചിറളയം എച്ച് സി സി ജി യു പി സ്‌കൂളിലെ ആറാംക്ലാസുകാരി ദേവു വിജയനാണ് വേദന സഹിച്ചും മനോഹരമായ ബെഞ്ചും ഡസ്‌കും നിര്‍മിച്ച് കാഴ്ചക്കാരുടെ ശ്രദ്ധ നേടിയത്. ഈ വര്‍ഷം ആദ്യമായിട്ടാണ് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോസവത്തില്‍ ദേവു പങ്കെടുക്കാനെത്തുന്നത്. ആശാരിയായ അച്ഛന്‍ വിജയനാണ് ഈ കൊച്ചുമിടുക്കിയുടെ ഗുരുനാഥന്‍. സ്‌കൂള്‍ അധ്യാപികയായ സിസിറ്റര്‍ റാണി മരിയയാണ് ആശാരിപ്പണി പഠിപ്പിക്കാന്‍ അച്ഛനെ ഉപദേശിച്ചത്. സ്‌കൂളിലേക്ക് ചിരട്ടകൊണ്ട് നിര്‍മിച്ച ഉത്പന്നങ്ങളുമായെത്തിയിരുന്ന ദേവുവിന്റെ കഴിവുകള്‍ സിസ്റ്റര്‍ തിരിച്ചറിയുകയായിരുന്നു. മത്സരത്തിന് വരുന്നതിന് മുമ്പായി അച്ഛന്റെ കൂടെ ജോലിക്ക് പോയി അവള്‍ ഉളിയും വാളും മുഴക്കോലുമെല്ലാം ഉപയോഗിക്കുന്നത് പഠിച്ചെടുത്തിരുന്നു. ഈ ആത്മ വിശ്വാസവുമായാണ് അവള്‍ ശാസ്ത്രമേളയിലെത്തിയത്. മത്സരം പുരോഗമിക്കുന്നതിനിടെ കൈ മുറിയുകയായിരുന്നു. ഉടന്‍ സംഘാടകര്‍ മരുന്നും മുറിവ് കെട്ടാന്‍ പരുത്തിയുമായി കുതിച്ചെത്തി അവളെ ആശ്വസിപ്പിച്ചു. ചോര ചിന്തിയെങ്കിലും പിന്‍മാറാന്‍ തയ്യാറായില്ല. ശക്തമായ വേദനക്കിടയിലും ഒടുവില്‍ മത്സരം പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷമായിരുന്നു ദേവുവിന്റെ മുഖത്ത്. മത്സരത്തിലെ ഏക പെണ്‍കുട്ടിയും ദേവു വിജയനായിരുന്നു.

Latest