ജില്ലാ-ജനറല്‍ ആശുപത്രികളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കൂട്ടത്തോടെ മാറ്റിയേക്കും

Posted on: November 28, 2014 4:31 am | Last updated: November 27, 2014 at 11:32 pm

കണ്ണൂര്‍: സംസ്ഥാനത്തെ ജില്ലാ- ജനറല്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഒറ്റയടിക്ക് പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളജുകളിലേക്ക് നിയമിക്കാന്‍ നീക്കം. പാലക്കാട്, ഇടുക്കി, മഞ്ചേരി എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളജുകളിലേക്കാണ് ജനറല്‍- ജില്ലാ ആശുപത്രികളിലെ ഡോക്ടര്‍മാരെ നിയമിക്കാന്‍ പോകുന്നത് കഴിഞ്ഞ മാസം ഇവിടങ്ങളില്‍ കേന്ദ്രസംഘമെത്തി പരിശോധിച്ചിരുന്നു.
ഡോക്ടര്‍മാരെ മുഴുവന്‍ ഒറ്റയടിക്ക് മാറ്റിയാല്‍ അത് സംസ്ഥാനത്തെ മറ്റ് ആശുപത്രികളെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ താത്കാലികമായി മാറ്റുന്നത് ജില്ലാ- ജനറല്‍ ആശുപത്രികളെയാണ് ഏറ്റവുമധികം ബാധിക്കുക. നിലവില്‍ ആരോഗ്യവകുപ്പില്‍ 480 ഉം അഞ്ച് മെഡിക്കല്‍ കോളജുകളിലായി 380ഉം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെഒഴിവുണ്ട്. ഇത് നികത്താനുള്ള നടപടി ഇതുവരെയായി ഉണ്ടായിട്ടില്ല. ആശുപത്രികളില്‍ ആവശ്യത്തിന് ആളില്ലാത്തതു കാരണം ശസ്ത്രക്രിയ വരെ നിലച്ച അവസ്ഥയാണുള്ളത്.
ഈ സാഹചര്യത്തിലാണ് ആശുപത്രികളുടെ അവസ്ഥ തകിടം മറിക്കുന്ന തരത്തിലുള്ള തീരുമാനം അധികൃതര്‍ കൈക്കൊള്ളുന്നത്. ആരോഗ്യമേഖലയില്‍ മൊത്തം 214 ഡോക്ടര്‍മാരുടെ തസ്തികകളാണുള്ളത്. ഇതില്‍ 525 തസ്തികകള്‍ഒഴിഞ്ഞുകിടക്കുന്നുണ്ട്.