Connect with us

Gulf

കനിവുള്ളവരെ കാണുക; മലയാളി യുവാവിന്റെ ദയനീയാവസ്ഥ

Published

|

Last Updated

ഷാര്‍ജ: വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധന മലയാളി യുവാവ് ഉദാരമതികളുടെ കനിവ് തേടുന്നു. തൃശൂര്‍, ചേര്‍പ്പ് സ്വദേശി അബ്ബാസിന്റെ മകന്‍ നിഷാദാണ് സഹായം തേടുന്നത്. വ്യവസായ മേഖല ഒന്നില്‍ ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ ജീവനക്കാരനായ നിഷാദിനു കഴിഞ്ഞ മാസം 22നാണ് വാഹനാപകടത്തില്‍ പരുക്കേറ്റത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന 28 കാരനായ നിഷാദിനെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകെയെത്തിയ കൂറ്റന്‍ ട്രക്ക് ദേഹത്ത് കയറി. വയറിന്റെ ഇടത് ഭാഗം പൊട്ടി ആന്തരികാവയവങ്ങള്‍ പുറത്ത് ചാടി ഗുരുതരനിലയിലായ യുവാവിനെ സംഭവസ്ഥലത്തെത്തിയ ചിലര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാല്‍, അപകടം വരുത്തിവെച്ച വാഹനങ്ങള്‍ നിര്‍ത്താതെ ഓടിച്ചുപോയി. യുവാവിന്റെ ഒരു വൃക്ക പൂര്‍ണമായും തകര്‍ന്നു. രണ്ടാമത്തേതിനും ചതവ് സംഭവിച്ചു. ഭീമമായ തുക ഇതിനകം ആശുപത്രിയില്‍ ചികിത്സക്കും മറ്റുമായി ചെലവായി. തുടര്‍ ചികിത്സക്ക് ഇനിയും വന്‍തുക വേണം. മേജര്‍ ശസ്ത്രക്രിയക്കു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഉടന്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തുക എവിടെ നിന്നു കണ്ടെത്തുമെന്നറിയാതെ യുവാവിന്റെ കുടുംബം കണ്ണീരില്‍ കഴിയുകയാണ്.
നിഷാദിന്റെ മാതാപിതാക്കള്‍ നാട്ടില്‍ കൂലിത്തൊഴിലാളികളാണ്. കുടുംബത്തിന്റെ ഏക ആശ്രയവും ഈ യുവാവായിരുന്നു. ഇതിനകം ചിലവായ തുക സ്വരൂപിച്ചതിന്റെ വിഷമം ഈ പാവപ്പെട്ട കുടുംബത്തിനെ അറിയൂ. ഒരിക്കലും താങ്ങാനാവാത്തതാണ് ചികിത്സാ ചിലവ്.
തുടര്‍ചികിത്സക്ക് എവിടെ നിന്നു പണം കണ്ടെത്തുമെന്നു ആലോചിച്ച് നാട്ടില്‍ കണ്ണീരോടെ കഴിയുന്ന കുടുംബത്തിന്റെ സ്ഥിതി ദയനീയമാണ്. അതിലേറെ പരിതാപകരമാണ് നിഷാദിന്റെ സ്ഥിതി. എങ്ങനെയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം.
പക്ഷെ, ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മാത്രമാണിവരുടെ മുമ്പില്‍. കൂലിവേല ചെയ്തു കിട്ടുന്ന തുക ദൈനംദിന ചിലവിനു തന്നെ മതിയാകാത്ത സ്ഥിതിയാണുള്ളത്. അപ്പോള്‍ പിന്നെ മകന്റെ ചികിത്സക്ക് എങ്ങനെ പണം കണ്ടെത്താനാകുമെന്നാണ് ഈ നിര്‍ധന കുടുംബം സങ്കടപ്പെടുന്നത്.
ഉദാരമതികളായ മനുഷ്യസ്‌നേഹികളിലാണ് ഇവരുടെ പ്രതീക്ഷ. ഇനി ആശ്രയവും കനിവുള്ളവര്‍ തന്നെ. അതുകൊണ്ടുതന്നെ സമുനസ്സുകളുടെ സഹായ ഹസ്തം പ്രതീക്ഷിക്കുകയാണീ കുടുംബം. സഹോദരന്‍ നൗഷാദാണ് പരിചരിക്കുന്നത്. നിഷാദിന്റെ ദയനീയാവസ്ഥയോര്‍ത്ത് യുവാവിന്റെ കണ്ണു നനയുന്നു. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ നിഷാദുമായി ബന്ധപ്പെടുക: 050-2651829.

---- facebook comment plugin here -----

Latest