Connect with us

National

പുതിയ വിദ്യാഭ്യാസ മാതൃക സൃഷ്ടിക്കണം: ആര്‍ എസ് എസ്

Published

|

Last Updated

നാഗ്പൂര്‍: സാര്‍വത്രിക അംഗീകാരമുള്ളതും മികച്ച മനുഷ്യരെ വാര്‍ത്തെടുക്കുന്നതുമായ തദ്ദേശീയമായ പുതിയ വിദ്യാഭ്യാസ മാതൃക വികസിപ്പിക്കണമെന്ന് വിദ്യാഭ്യാസ വിചക്ഷണരോടും അക്കാദമീഷ്യന്‍മാരോടും ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗത്. നിലവിലെ വിദ്യാഭ്യാസ സംവിധാനത്തില്‍ ആരും തൃപ്തരല്ലെന്നും പഠിക്കുന്നതും പഠിപ്പിക്കുന്നതും ഉടച്ചുവാര്‍ക്കേണ്ടതുണ്ടെന്നും മോഹന്‍ ഭഗത് പറഞ്ഞു.
പൗരാണിക കാലഘട്ടങ്ങളില്‍ ഇന്ത്യ വിജ്ഞാനത്തിന്റെ പ്രധാന കേന്ദ്രമായതിനാല്‍ ഇന്നും ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നുണ്ട്. നൂറ്റാണ്ടുകളോളം വിജ്ഞാനത്തിന്റെ നേതൃത്വം നമുക്കായിരുന്നു. അത് തിരിച്ചുപിടിക്കേണ്ടതുണ്ട്. എട്ട് വൈസ് ചാന്‍സലര്‍മാര്‍ അടക്കം 250 വിദ്യാഭ്യാസ വിചക്ഷണരുമായി ആര്‍ എസ് എസിന്റെ രശ്മിബാഘ് ഘടകം സംഘടിപ്പിച്ച “നാഷനലിസ്റ്റ് എജുക്കേഷന്‍; കണ്‍സപ്റ്റ് ആന്‍ഡ് സ്ട്രക്ചര്‍” എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭഗത്. അടുത്ത തലമുറയെ നിര്‍മിക്കുകയും മാനവികകുലത്തെ ആകമാനം ബാധിക്കുകയും ചെയ്യുന്നതിനാല്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റം വേണം. സംഘ് പരിവാറിനെ വിമര്‍ശിക്കുന്നവര്‍ക്ക് പോലും സ്വീകാര്യമാകുന്ന തരത്തിലുള്ള സംവിധാനം വികസിപ്പിക്കുന്നതിന് എല്ലാ ചിന്താധാരകളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നും ആശയങ്ങള്‍ സ്വീകരിക്കുന്നതിന് വിദ്യാപീഠം മുന്‍കൈയെടുക്കണമെന്നും ആര്‍ എസ് എസ് മേധാവി പറഞ്ഞു.