Connect with us

Gulf

നിരോധിത സംഘടനയുമായി ബന്ധം; പ്രതിക്ക് മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും

Published

|

Last Updated

അബുദാബി: നിരോധിത സംഘടനയായ അല്‍ ഇസ്‌ലാഹ് ഗ്രൂപ്പുമായി സഹകരിച്ചതിന് ഉസാമ ഹുസൈന്‍ അല്‍ നജ്ജാര്‍ എന്നയാള്‍ക്ക് ഫെഡറല്‍ സുപ്രീം കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി കോര്‍ട്ട് മൂന്ന് വര്‍ഷ തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ന്യായാധിപന്‍ മുഹമ്മദ് ജറാഹ് അല്‍ തുനൈജിയാണ് വിധി പ്രസ്താവിച്ചത്. 10 മിനുട്ട് മാത്രമെ വിധി പ്രസ്താവന നടപടികള്‍ നീണ്ടുനിന്നുള്ളു. ഉസാമ ഹുസൈന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതിയുടെ വെബ്‌സൈറ്റും സാമൂഹിക മാധ്യമത്തിലെ അക്കൗണ്ടും ആജീവനാന്തം റദ്ദ് ചെയ്യാനും നിര്‍ദേശം നല്‍കി.
മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മറ്റൊരു വിഭാഗമായ അല്‍ ഇസ്‌ലാഹ് ഗ്രൂപ്പിനെ പുനര്‍നിര്‍മിക്കാന്‍ പ്രതി ശ്രമിച്ചതായി പ്രോസിക്യൂഷന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. സംഘടനയിലേക്ക് ചിലയാളുകളെ ചേര്‍ക്കാന്‍ ശ്രമം നടന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ട് ഉണ്ടാക്കി അഭ്യൂഹങ്ങള്‍ പരത്തുകയും ചെയ്തു. യു എ ഇ നേതൃത്വത്തിനെതിരെയും കോടതി സംവിധാനത്തിനെതിരെയും അഭ്യൂഹങ്ങള്‍ പരത്തി. രാജ്യാന്തര സംഘടനകളുമായി ഇദ്ദേഹം ആശയ വിനിമയം നടത്തി. യു എ ഇക്കെതിരെ അവര്‍ക്കും വിവരങ്ങള്‍ കൈമാറി.
അല്‍ ഇസ്‌ലാഹ് ഗ്രൂപ്പുമായി സഹകരിച്ചതിന് കഴിഞ്ഞ വര്‍ഷം പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഹുസൈന്‍ അല്‍ നജ്ജാറിന്റെ മൂത്ത പുത്രനാണ് ഉസാമ. ഇയാള്‍ക്കെതിരെ ഗുരുതരമായ കുറ്റാരോപണമാണ് നിലനില്‍ക്കുന്നത്. യു എ ഇ ഭരണം പിടിച്ചെടുക്കാന്‍ നേതൃത്വത്തിനെതിരെ വിഷലിപ്ത ആരോപണങ്ങള്‍ ഉന്നയിച്ചു. കഴിഞ്ഞ മാസം ന്യായാധിപന്‍ മുഹമ്മദ് ജറാഹ് അല്‍ തുനൈജിയാണ് പുതിയ കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതിഭാഗത്തിന് രണ്ട് അഭിഭാഷകരുണ്ടായിരുന്നു. ഉസാമയുടെ പിതാവിനെതിരെ 2013ലാണ് വിധിവന്നത്.

Latest