മര്‍കസിന്റെ സേവനങ്ങള്‍ വര്‍ണനാതീതം: പേരോട്

Posted on: November 24, 2014 11:28 pm | Last updated: November 24, 2014 at 11:28 pm

perodeചാവക്കാട്: മര്‍കസിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും വര്‍ണനാതീതമാണെന്നും മര്‍കസിന് തുല്യമായി മര്‍കസ് മാത്രമാണുള്ളതെന്നും എസ് വൈ എസ് ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. ചാവക്കാടിനടുത്ത് അകലാട് എസ് വൈ എസ്, എസ് എസ് എഫ് സംഘടിപ്പിച്ച മര്‍കസ് സമ്മേളന പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യം കാത്തുസൂക്ഷിക്കണമെങ്കില്‍ പൂര്‍വസൂരികളായ ഇമാമുകളെ പിന്തുടരണം. മാലിക്ബ്‌നുദീനാര്‍ പഠിപ്പിച്ച ഇസ്‌ലാം ഉള്‍ക്കൊള്ളാതെ മരണ വീടുകളിലും പള്ളികളിലും വെള്ളിയാഴ്ച, റമസാന്‍ തുടങ്ങിയ പുണ്യദിനങ്ങളില്‍ പോലും തര്‍ക്കമുണ്ടാക്കി മതരംഗത്ത് രൂക്ഷമായ ഭിന്നത സൃഷ്ടിക്കുന്നവരാണ് പുത്തന്‍വാദികള്‍. ഇത്തരക്കാരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാലോചിതമായി യഥാര്‍ഥ ഇസ്‌ലാമിനെ നിലനിര്‍ത്താന്‍ സജീവരംഗത്തുള്ള ആയിരക്കണക്കിന് സഖാഫികളും നൂറു കണക്കിന് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മറ്റ് മേഖലകളിലുള്ളവരും മര്‍കസിന്റെ സന്തതികളായി ഉണ്ട്. അവര്‍ പ്രസ്ഥാനത്തിനും രാഷ്ട്രത്തിനും സമൂഹത്തിനും സേവനരംഗത്ത് നിറഞ്ഞുനില്‍ക്കുകയാണ്. മര്‍കസ് സമ്മേളനവും എസ് വൈ എസ് 60 ാം വാര്‍ഷികവും സുന്നി പ്രവര്‍ത്തകര്‍ നെഞ്ചേറ്റി വിജയിപ്പിക്കണമെന്നും ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും പേരോട് കൂട്ടിച്ചേര്‍ത്തു. കെ വി അബ്ദുല്ല കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.