Connect with us

National

കേന്ദ്രമന്ത്രി സുരേഷ് പ്രഭു ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

മുംബൈ: മുന്‍ ശിവസേനാ നേതാവും റെയില്‍വേ മന്ത്രിയുമായ സുരേഷ് പ്രഭു സേനാ മേധാവി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി. വസയിതിയലെത്തിയാണ് ഉദ്ധവിനെ കണ്ടത്. ബി ജെ പിയും ശിവസേനയും തമ്മില്‍ വേര്‍പിരിയുന്നതില്‍ കലാശിച്ച അഭിപ്രായവ്യത്യാസങ്ങള്‍ ഒരു പരിധിവരെയെങ്കിലും നീക്കുകയെന്നതായിരുന്നു പ്രഭുവിന്റെ സന്ദര്‍ശന ലക്ഷ്യം. മഹാരാഷ്ട്ര നിയമസഭയുടെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ഈ നീക്കം.
എന്‍ സി പിയുടെ പിന്തുണയില്‍ മുന്നോട്ട് പോകുന്ന സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാറിന് ശിവസേനയുടെ പിന്തുണ തന്നെയാണ് വേണ്ടെതെന്ന നിലപാട് ബി ജെ പി കേന്ദ്ര ഘടകത്തില്‍ ശക്തമാണ്. എന്നാല്‍ ശിവസേനയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന നിലപാടുമുണ്ട്. കേന്ദ്ര മന്ത്രിസഭ പുനസ്സംഘടിപ്പിച്ചപ്പോള്‍ ശിവസേനയുടെ അംഗമെന്ന നിലയില്‍ സുരേഷ് പ്രഭുവിനെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടെത്തിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ശിവസേന തയ്യാറായില്ല. ഇതോടെ സേന വിട്ട് പ്രഭു ബി ജെ പിയില്‍ ചേരുകയായിരുന്നു.
പ്രഭു ശിവസേനക്ക് അന്യനായ ആളല്ലെന്ന് കൂടിക്കാഴ്ചയെക്കുറിച്ച് രാജ്യസഭാ എം പിയും ശിവസേനാ നേതാവുമായ സഞ്ജയ് റാവുത് പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ റെയില്‍വേ മന്ത്രിയുമാണ്. മുംബൈയുടെ വികസനവുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെയുമായി പലതും സംസാരിക്കാനുണ്ടാകും. മാത്രമല്ല അടുത്തിടെയുണ്ടായ അഭിപ്രായവ്യാത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കുകയെന്ന ലക്ഷ്യവും പ്രഭുവിനുണ്ടാകാം. വെറുപ്പ് സൂക്ഷിക്കുന്നയാളല്ല ഉദ്ധവെന്നും സഞ്ജയ് പറഞ്ഞു.
അടുത്ത മാസം എട്ടിനാണ് മഹാരാഷ്ട്ര നിയമസഭയുടെ ശൈത്യകാല സമ്മേളനം തുടങ്ങുന്നത്. സര്‍ക്കാറില്‍ ചേരാന്‍ ശിവസേനക്ക് മുന്നില്‍ വാതിലുകള്‍ ഇപ്പോഴും തുറന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രഭു- ഉദ്ധവ് കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് എന്‍ സി പി മേധാവി ശരത് പവാര്‍ ആഹ്വാനം ചെയ്ത സാഹചര്യം കൂടി മുന്നിലുണ്ട്. സര്‍ക്കാറിന്റെ സ്ഥിരത ഉറപ്പ് വരുത്താനുള്ള ബാധ്യത എന്‍ സി പിക്ക് ഇല്ലെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. ഇതിന് പിറകേ, കാല്‍ നൂറ്റാണ്ട് പഴക്കമുള്ള സൗഹൃദം പുനരുജ്ജീവിപ്പിക്കാന്‍ ശിവസേനാ, ബി ജെ പി ക്യാമ്പുകളില്‍ അനൗപചാരിക ശ്രമങ്ങള്‍ ഊര്‍ജിതമായിട്ടുണ്ട്.

Latest