Connect with us

Kerala

സ്വര്‍ണക്കടത്ത്: ഫ്‌ളൈറ്റ് സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ ബുധനാഴ്ച ഒമാന്‍ എയര്‍വേസില്‍ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് ഫ്‌ളൈറ്റ് സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ മൂന്ന് പേരെ എയര്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കരിപ്പൂരിലെ വിവിധ വിഭാഗങ്ങളുടെ കരാര്‍ ഏജന്‍സിയായ ഡല്‍ഹി ആസ്ഥാനമായ ഭദ്ര കമ്പനി ജീവനക്കാരനും ഒമാന്‍ എയര്‍വേയ്‌സ് സൂപ്പര്‍വൈസറുമായ ആലപ്പുഴ പുളിങ്കുന്നം കാടംകുള്ളത് വീട്ടില്‍ കെ ജി അനില്‍ കുമാര്‍(40), വിമാനത്തിന്റെ ബാത്ത് റൂം ക്ലീനര്‍ കോഴിക്കോട് കക്കട്ടില്‍ തടവന്‍ പറമ്പത്ത് സജീവന്‍ (37), ഒമാനില്‍ നിന്നുള്ള യാത്രക്കാരനായ കോഴിക്കോട് വാവാട് കപ്പലം കുഴി ആശിഖ് (24) എന്നിവരാണ് അറസ്റ്റിലായത്.
വിമാനത്തിലെ ബാത്ത് റൂം വെയ്സ്റ്റ് ബിന്നില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വെയ്സ്റ്റ് ബിന്‍ പിടിച്ചെടുത്ത കസ്റ്റംസ് 67 ലക്ഷം രൂപക്കുള്ള രണ്ടര കിലോ സ്വര്‍ണം കണ്ടെടുക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ആശിഖിനെ ചോദ്യം ചെയ്തതോടെയാണ് മറ്റുള്ളവരും പിടിയിലായത്.
സ്വര്‍ണ കടത്തില്‍ ബാത്ത് റൂം ക്ലീനര്‍ സജീവനുള്ള പങ്ക് വ്യക്തമായതോടെ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സൂപ്പര്‍വൈസര്‍ക്കുള്ള പങ്കും വ്യക്തമാകുന്നത്. വിമാനമെത്തിയാല്‍ വെയ്സ്റ്റ് ബിന്‍ ഉടന്‍ പുറത്തെത്തിക്കണമെന്നും ഇങ്ങനെ ചെയ്താല്‍10,000 രൂപ തരാമെന്നും സൂപ്പര്‍വൈസര്‍ പറഞ്ഞിരുന്നതായും സജീവന്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് സൂപ്പര്‍വൈസറെ ചോദ്യം ചെയ്തപ്പോള്‍ മലപ്പുറം സ്വദേശിയായ അഹമ്മദ് എന്നയാള്‍ ഒമാന്‍ ഫ്‌ളൈറ്റിലെ ബാത്ത് റൂം വെയ്സ്റ്റ് ബിന്നില്‍ സ്വര്‍ണം കടത്തുന്നുണ്ടെന്നും ഇത് പുറത്ത് ബൈക്ക് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന നീല ഷര്‍ട്ടിട്ടയാള്‍ക്ക് നല്‍കുമ്പോള്‍ 20,000 രൂപ ലഭിക്കുമെന്നും പറഞ്ഞതനുസരിച്ചാണ് കടത്തിനു ഒത്താശ ചെയ്തതെന്നും അനില്‍ കുമാര്‍ കസ്റ്റംസിനോട് സമ്മതിച്ചു. ജിദ്ദയില്‍ നിന്നാണ് അഹമ്മദിന്റെ ഫോണ്‍ സന്ദേശം വന്നിരുന്നതെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി. അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ശ്യാം സുന്ദര്‍, സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, എന്‍ എസ് എ പ്രസാദ്, ടി ജി രഞ്ജിത്, യു ബാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.