Connect with us

Kerala

ബാര്‍ കോഴയില്‍ തനിച്ച് സമരമില്ല, സി പി എമ്മിനെതിരെ ആശയ സമരം തുടരാന്‍ സി പി ഐ

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് ഒറ്റക്ക് നടത്തിവന്ന സമരങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. അതേസമയം ഇതുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സി പി എമ്മുമായുള്ള ആശയപരമായ പോരാട്ടം തുടരും. പാര്‍ട്ടിയുടെ പിളര്‍പ്പിന്റെയും സി പി എം പിറവിയുടെയും പേരില്‍ ഇരുപാര്‍ട്ടികളിലും ഉടലെടുത്ത ആശയ സമരം തുടരാനാണ് യോഗത്തില്‍ തീരുമാനമായത്.
ബാര്‍ കോഴ വിഷയത്തില്‍ ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ കൂട്ടായ സമരം തീരുമാനിച്ച സാഹചര്യത്തില്‍ ഒറ്റക്ക് സമരം നടത്തേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മുമ്പ് വിവാദമുണ്ടായതു വിമര്‍ശവിധേയമായെങ്കിലും ഇടതു മുന്നണി യോഗം വിളിച്ചുചേര്‍ത്തതിലും കൂട്ടായ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചതിലും സി പി ഐ തങ്ങളുടെ പങ്ക് നിര്‍വഹിച്ചതായി യോഗം വിലയിരുത്തി.
ഇടതു മുന്നണി യോഗം വിളിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് സി പി ഐ നേരത്തെ സ്വന്തം നിലയില്‍ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തത്. കഴിഞ്ഞ 12 ന് സെക്രട്ടേറിയറ്റ് പടിക്കല്‍ പാര്‍ട്ടി ധര്‍ണയും നടത്തിയിരുന്നു. സമരവേദിയില്‍ സംസാരിച്ച അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു “ഇനി അഡ്ജസ്റ്റ്‌മെന്റ് സമരത്തിനില്ലെ”ന്ന് പ്രഖ്യാപിച്ചത് അടുത്തിടെ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി പി എം-സി പി ഐ സംസ്ഥാന സെക്രട്ടറിമാര്‍ പരസ്യമായി കൊമ്പുകോര്‍ത്തിരുന്നു.