ബാലനാടകോത്സവം നടത്തി

Posted on: November 18, 2014 8:40 pm | Last updated: November 18, 2014 at 8:43 pm

അബുദാബി: ഡിസംബറില്‍ അരങ്ങേറുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തിന്റെ മുന്നോടിയായി അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബാലനാടകോത്സവം നടത്തി. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ബാലനാടകോത്സവത്തിനു ഈ വര്‍ഷം മുതല്‍ കുട്ടികളുടെ നാടകപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച യശശ്ശരീരനായ രംഗപ്രഭാത് കൊച്ചുനാരായണപ്പിള്ളയുടെ പേരാണ് നാമകരണം ചെയ്തിരിക്കുന്നത്.
ഫിലിപ്പ് ജോണ്‍ രചിച്ച് സുകുമാരന്‍ കണ്ണൂരും പ്രകാശന്‍ തച്ചങ്ങാടും സംയുക്തമായി സംവിധാനം ചെയ്ത ‘മഴത്തുള്ളികള്‍’, മധു പരവൂര്‍ രചിച്ച് മധു പരവൂരും ബാദുഷയും സംയുക്തമായി സംവിധനം ചെയ്ത ‘കടലാസ് തോണി’, അനന്തലാല്‍ രചിച്ച് ഹരി അഭിനയയും കെ പി എസി സജുവും സംയുക്തമായി സംവിധാനം ചെയ്ത ‘ഉണ്ണിക്കുട്ടന്റെ സ്വപ്‌നലോകം’, ഡോ. പി. ഹരികുമാര്‍ രചിച്ച് രമേഷ് രവി സംവിധാനം ചെയ്ത ‘ന്യായമണി’ എന്നീ നാടകങ്ങളാണ് രംഗത്ത് അവതരിപ്പിച്ചത്.
സമ്മാനദാനച്ചടങ്ങില്‍ സെക്രട്ടറി രമേഷ് രവി, ബാലവേദി പ്രവര്‍ത്തകരായ റയ്‌ന റഫീഖ്, ആതിര ശശിധരന്‍, ഹിബ താജുദ്ദീന്‍, ഗായത്രി സുരേഷ്, അശ്വന്‍ സനില്‍, ശാലിനി ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.