Connect with us

National

സഹോദരീ ഭര്‍ത്താവിനെതിരെ ബലാത്സംഗ ആരോപണം: യുവ മോഡലിനെതിരെ പ്രോസിക്യൂഷന്‍ നടപടി

Published

|

Last Updated

ന്യൂഡല്‍ഹി: സഹോദരീ ഭര്‍ത്താവിനെതിരെ അടിസ്ഥാന രഹിതമായ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവ മോഡലിനെതിരെ ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വീരേന്ദര്‍ ഭട്ട് പ്രോസിക്യൂഷന്‍ നടപടി തുടങ്ങി.
യുവതി സമര്‍പ്പിച്ച സത്യവാങ്മൂലവും തെളിവുകളും വിശദമായി പരിശോധിച്ചതില്‍, യുവതിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ സത്യമില്ലെന്ന് കണ്ടെത്തിയതായി കോടതി പറഞ്ഞു. യുവതി ഉന്നയിച്ച ആരോപണങ്ങളൊന്നും വിശ്വസനീയമല്ലെന്ന് ജഡ്ജി വിലയിരുത്തി.
ഈ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും വെച്ച്‌നോക്കുമ്പോള്‍, പരാതിക്കാരിയുടെ ആരോപണം അസത്യമാണ്. ദുരാരോപണം ഉന്നയിച്ച യുവതിയെ ശിക്ഷിക്കാതെ വെറുതെ വിട്ടാല്‍ കോടതി അതിന്റെ ചുമതല നിറവേറ്റുന്നതില്‍ പരാജയപ്പെടുകയായിരിക്കും ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിന് മുമ്പും പലര്‍ക്കെതിരെയും താന്‍ അടിസ്ഥാനമില്ലാതെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നുവെന്ന് വിചാരണക്കിടയില്‍ യുവതി കോടതിയില്‍ സമ്മതിച്ചിരുന്നു. യുവതി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന പ്രവാസി ഭാരതീയനായ ഒരു മധ്യവയസ്‌കനെതിരെയും ദുരാരോപണം ഉന്നയിച്ചിരുന്നുവെന്ന് യുവതി സമ്മതിച്ചു. പെട്ടെന്ന് പരിചയപ്പെടുകയും ഉറ്റബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന യുവതി വ്യാജ ബലാത്സംഗക്കേസുകള്‍ ഉന്നയിക്കുന്ന ഒരു പതിവ് പരാതിക്കാരിയാണെന്ന് കോടതി കുറ്റപ്പെടുത്തി.
തന്റെ സഹോദരീ ഭര്‍ത്താവ് 2012ല്‍ ജയ്പൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ലഹരിവസ്തുക്കള്‍ നല്‍കിയ ശേഷം തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി ബിന്താപൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ട് തവണ തന്റെ വീട്ടില്‍ വെച്ചും ബലാത്സംഗം ചെയ്തുവെന്ന് യുവതി ആരോപിച്ചിരുന്നു.
കേസിന്റെ വിചാരണാ വേളയില്‍, യുവതി തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ നുണയാണെന്നും തന്നെ തെറ്റായി പ്രതി ചേര്‍ക്കുകയാണെന്നും പ്രവാസി ഭാരതീയന്‍ വ്യക്തമാക്കിയിരുന്നു. തന്റെ ഇളയ സഹോദരനെ വിവാഹം ചെയ്ത യുവതി, പണം തട്ടിയെടുക്കാനായി അവനെതിരെയും ദുരാരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് അയാള്‍ മൊഴി നല്‍കിയിരുന്നു. പലര്‍ക്കെതിരെയും ബലാത്സംഗത്തിന് കേസുകൊടുത്തിട്ടുള്ള യുവതി, പക്ഷെ, ഇക്കാര്യങ്ങളൊന്നും തന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.

Latest