Connect with us

Kerala

ഭൂമി കേസില്‍ 90 വര്‍ഷങ്ങള്‍ക്ക് ശേഷം ഉടമകള്‍ക്ക് അനുകൂലമായി കോടതി വിധി

Published

|

Last Updated

കൊല്ലം: കൊല്ലത്തെ വയലില്‍ കോയ ഭൂമികേസില്‍ 90 വര്‍ഷങ്ങള്‍ക്കു ശേഷം ഉടമകള്‍ക്കു അനുകൂലമായി കോടതി വിധി. ഭാരതീയ നീതിന്യായ ചരിത്രത്തില്‍ ഏറ്റവും പഴക്കം ചെന്ന കേസുകളിലൊന്നായ (ഐ പി-നമ്പര്‍ 3/1100 എം ഇ) കൊല്ലം വയലില്‍ കോയകുഞ്ഞിന്റെ അനന്തരാവകാശികളെ പാപ്പരായി പ്രഖ്യാപിക്കുന്നതിനായിരുന്നു ഭൂമി കേസ്.

1924 സെപ്തംബര്‍ 15ന് ഷേക്ക് മൊയ്തീന്‍ റാവുത്തര്‍ ഫയല്‍ ചെയ്തിരുന്ന കേസിലാണ് 90 വര്‍ഷങ്ങള്‍ക്കു ശേഷം കൊല്ലം അഡീഷനല്‍ സബ് കോടതി (രണ്ട്)യില്‍ നിന്ന് ഉടമകള്‍ക്കനുകൂലമായി വിധി ഉണ്ടായത്.
കൊട്ടാരക്കര താലൂക്കിലെ ഇട്ടിവ, കോട്ടുക്കല്‍ വില്ലേജുകളിലെ 135 ഏക്കര്‍ 93 സെന്റ് സ്ഥലമാണ് കോടതി വിധിയിലുടെ കൈയേറി അവകാശം സ്ഥാപിച്ച ഉടമകള്‍ക്ക് ക്രയവിക്രയത്തിനു സാധ്യമായത്. 1960 നവംബര്‍ 23ന് കോടതിയില്‍ സമര്‍പ്പിച്ച കോമ്പോസിഷന്‍ സ്‌കീമിലൂെട കോടതി പാപ്പര്‍ ഹരജി റദ്ദാക്കിയിരുന്നു. എന്നാല്‍ 1966ല്‍ എതിര്‍കക്ഷികള്‍ വസ്തുതകള്‍ മറച്ചുവച്ചു സമര്‍പ്പിച്ച ഹരജികളിന്മേലുള്ള നടപടികള്‍ 1970ല്‍ ഹൈക്കോടതി തടഞ്ഞിരുന്നതായി അഭിഭാഷകനായ യു നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാപ്പര്‍ ഹരജിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിന്റെ അപ്പീല്‍ പരിഗണിക്കവെ, ഇതുമായി ബന്ധപ്പെട്ട പാപ്പര്‍ ഹരജി കൊല്ലം കോടതിയില്‍ നടന്നു വരുകയാണെന്നു തെറ്റായി കോടതിയില്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി കീഴ്‌ക്കോടതിയില്‍ നിന്ന് ഫയലുകള്‍ വരുത്തി പരിശോധിച്ചു. 850ഓളം ചെറു കുടുംബങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാലും എല്ലാവര്‍ക്കും നേരിട്ടു ഹൈക്കോടതിയില്‍ വരാന്‍ കഴിയാത്ത സാഹചര്യത്തിലും കേസ് കൊല്ലം സബ് കോടതിയിലേക്കു മടക്കിയിരുന്നു. തുടര്‍ന്ന് കോടതി കേസിന് സ്‌പെഷ്യല്‍ റസീവറെ നിയമിച്ചു.
റിസീവര്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ വസ്തുക്കളുടെ പോക്കുവരവും ക്രയവിക്രയവും കോടതി തടഞ്ഞു. കോടതിവിധി മൂലം കൊല്ലം ഈസ്സറ്റ്, വെസ്റ്റ്, വടക്കേവിള, ഇട്ടിവ, കോട്ടുക്കല്‍ വില്ലേജുകളിലെ 1500ഓളം കുടുംബങ്ങള്‍ക്ക് സ്ഥലം കൈമാറ്റം ചെയ്യാനാകാതെ വന്നു. തുടര്‍ന്നാണ് ഇട്ടിവ, കോട്ടുക്കല്‍ വില്ലേജുകളിലെ 250 ഭൂവുടമകള്‍ ചേര്‍ന്ന് പാര്‍പ്പിട ഭൂമി സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്.
പ്രദേശവാസിയും കൊട്ടാരക്കര ബാറിലെ അഭിഭാഷകനുമായ നസീറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല്‌വര്‍ഷമായി ഹൈക്കോടതിയിലും കൊല്ലം സബ്‌കോടതിയിലും നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തന്നെ ഉടമകള്‍ക്കനുകൂലമായ വിധി വന്നത്. ഇനി ഈ കേസ് സംബന്ധിച്ചു കോയാകുഞ്ഞിന്റെ അനന്തരാവകാശികള്‍ക്ക് റിവിഷന്‍ പെറ്റീഷനോ, റിട്ടോ മാത്രം കൊടുക്കാനാകൂവെന്ന് അഭിഭാഷകനായ നസീര്‍ പറഞ്ഞു.
ഇതേ ഭൂമി കേസില്‍ ഉള്‍പ്പെട്ട കൊല്ലം നഗരത്തിലെ പോളയത്തോട് എട്ടേക്കര്‍ അമ്പത്തിമൂന്ന് സെന്റില്‍ താമസിക്കുന്ന 237 കുടുംബങ്ങളും പാര്‍പ്പിട ഭൂമി സംരക്ഷണ സമിതിക്ക് രൂപം നല്‍കിക്കഴിഞ്ഞു. കേസ് നസീറിനെ ഏല്‍പ്പിക്കുകയും ചെയ്തു. കേസ് വിജയത്തിലെത്തിച്ച അഭിഭാഷകന് കൊട്ടാരക്കര വയ്യാനത്ത് പ്രദേശത്തെ സംഘടനകള്‍ ചേര്‍ന്നു സീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

Latest