മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ഇന്ത്യയില്‍ നിന്ന് ആളെ കൊണ്ടുപോയെന്ന് ഖുര്‍ശിദ്

Posted on: November 17, 2014 4:59 am | Last updated: November 16, 2014 at 11:00 pm

SalmanKhurshidഫാറൂഖാബാദ്/ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം പങ്കെടുത്ത ചടങ്ങുകളില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തിന്റെ ‘ആധികാരികത’യില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ശിദ്. ചടങ്ങിനെത്തിയ ജനങ്ങളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്ന് കൊണ്ടു പോയവരാണെന്ന് ഖുര്‍ഷിദ് ആരോപിച്ചു. അതേസമയം, ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റെ ഇച്ഛാഭംഗത്തിന്റെ പ്രതിഫലനമാണെന്ന് ബി ജെ പി തിരിച്ചടിച്ചു.
മ്യാന്‍മര്‍ തലസ്ഥാനമായ നായ്പിദോ പൊതുവേ വിജനമായ പ്രദേശമാണ്. ഇവിടെ 20,000ത്തോളം പേര്‍ തടിച്ച് കൂടിയത് അവിശ്വസനീയമാണ്. ഞാന്‍ രണ്ട് തവണ കണ്ട നഗരമാണ് അത്. അവിടെ മോദിയെ കേള്‍ക്കാന്‍ അത്രയധികം ആളുകള്‍ വന്നതെങ്ങനെയാണ്. ഒരു പക്ഷേ അദ്ദേഹം കുറേ പേരെ കൊണ്ടു പോയിരിക്കാം- ഖുര്‍ശിദ് ഫാറൂഖാബാദില്‍ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.
കോണ്‍ഗ്രസ് പാപ്പരായതിന്റെ തെളിവാണ് ഈ പ്രസ്താവനയെന്ന് ബി ജെ പി നേതാവും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വിദേശത്ത് ആള്‍ക്കൂട്ടം സൃഷ്ടിക്കാന്‍ ആളെ ഇവിടെ നിന്ന് കൊണ്ടു പോയി എന്ന് ആര് വിശ്വസിക്കാനാണെന്നും കോണ്‍ഗ്രസിന്റെ ഇച്ഛാഭംഗത്തിന്റെ പ്രതിഫലനമാണ് ഈ ആരോപണമെന്നും ബി ജെ പി വക്താവ് സാംബിത് പത്ര പറഞ്ഞു.