Connect with us

International

ഉക്രൈന്‍ പ്രതിസന്ധി: യു എസും യൂറോപ്യന്‍ യൂനിയനും ചര്‍ച്ച നടത്തി

Published

|

Last Updated

ബ്രിസ്‌ബെയിന്‍: ഉക്രൈന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും യൂറോപ്യന്‍ യൂനിയന്‍ നേതാക്കളും ചര്‍ച്ച നടത്തി. ഉക്രൈനിലെ സുരക്ഷ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രിസ്‌ബെയിനില്‍ സമാപിച്ച ജി 20 ഉച്ചകോടിയുടെ ഭാഗമായാണ് ചര്‍ച്ച നടത്തിയത്.
ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനും പങ്കെടുത്തിരുന്നു. ഉക്രൈന്‍ വിഷയത്തില്‍ പാശ്ചാത്യരാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും റഷ്യക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. ഉക്രൈന്‍ പ്രതിസന്ധിക്ക് റഷ്യയാണ് ഇന്ധനം പകരുന്നതെന്നാണ് ലോക നേതാക്കള്‍ ആരോപണം ഉന്നയിച്ചത്. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ നേതാക്കളും ചര്‍ച്ച നടത്തുന്നതിന് മുമ്പ് റഷ്യന്‍ നേതാക്കള്‍ ആസ്‌ത്രേലിയ വിട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ക്വിസ് ഹോളണ്ടെ, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലെ മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തുടങ്ങിയ യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും ചര്‍ച്ചയില്‍ സജീവമാണ്.
ഉക്രൈന്‍ വിഷയത്തില്‍ റഷ്യയുടെ നിലപാടില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂനിയനും അമേരിക്കയും റഷ്യക്കെതിരെ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ ഇത്തരം നടപടികളൊന്നും റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനില്‍ മാറ്റം വരുത്തിയിട്ടില്ല. കിഴക്കന്‍ ഉക്രൈനില്‍ കുഴപ്പം സൃഷ്ടിക്കാന്‍ റഷ്യന്‍ വിമതര്‍ക്ക് റഷ്യ ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്നു. ഇതേ നിലപാട് തന്നെയാണ് യൂറോപ്യന്‍ യൂനിയനും ഉള്ളത്. അമേരിക്കയും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള ചര്‍ച്ചയില്‍ വ്യാപാര കരാറും ചര്‍ച്ചക്ക വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Latest