താത്തൂര്‍ ശുഹദാ ആണ്ടുനേര്‍ച്ച ഇന്നാരംഭിക്കും

Posted on: November 15, 2014 10:14 am | Last updated: November 15, 2014 at 10:14 am

മുക്കം: താത്തൂര്‍ ശുഹദാക്കളുടെ ആണ്ടുനേര്‍ച്ചക്ക് കൊടിയേറ്റത്തോടെ ഇന്ന് തുടക്കമാകും. രാവിലെ ഒമ്പത് മണിക്ക് മഹല്ല് പ്രസിഡന്റ് പി പി അബ്ദുല്‍ മജീദ് ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് മഖാം സിയാറത്തിന് സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി നേതൃത്വം നല്‍കും.
ളുഹ്‌റ് നിസ്‌കാരാനന്തരം ശുഹദാ മൗലിദ് പാരായണവും രണ്ട് മണി മുതല്‍ അന്നദാനവും നടക്കും. അസര്‍ നിസ്‌കാരാനന്തരം നടക്കുന്ന കൂട്ട സിയാറത്തിന് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും. 4.30ന് പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കും.
മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ അബ്ദുര്‍റഹ്മാന്‍ സഅദി ഓണക്കാട് ഉദ്‌ബോധനം നടത്തും. സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, പി കെ എസ് തങ്ങള്‍ തലപ്പാറ, പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി തുടങ്ങിയ പ്രമുഖര്‍ പ്രാര്‍ഥന മജ്‌ലിസിന് നേതൃത്വം നല്‍കും.
നാളെ വൈകുന്നേരം ഏഴ് മണിക്ക് കോയ കാപ്പാടും സംഘം അവതരിപ്പിക്കുന്ന മുഹ്‌യിദ്ദീന്‍ രിഫാഈ റാത്തീബ് നടക്കും. തിങ്കളാഴ്ച അസര്‍ നിസ്‌കാരാനന്തരം സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഫള്ല്‍ ജിഫ്‌രി കുണ്ടൂര്‍ നേതൃത്വം നല്‍കും. വൈകീട്ട് ഏഴ് മണിക്ക് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. ചൊവ്വാഴ്ച അസര്‍ നിസ്‌കാരാനന്തരം കൊന്നാര് മഖാമില്‍ നിന്നുള്ള സയ്യിദന്‍മാരുടെ വരവോടെ നേര്‍ച്ച സമാപിക്കും.
സമാപന പ്രാര്‍ഥനക്ക് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും. നേര്‍ച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയില്‍ വി പി എ തങ്ങള്‍ ആട്ടീരി, മുഹമ്മദ് ബാദ്ഷ സഖാഫി ആലപ്പുഴ, പി അലവി സഖാഫി കായലം പ്രസംഗിച്ചു.