Connect with us

Ongoing News

അഭയ കേസില്‍ വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയ സംഭവം: പ്രതികളെ വെറുതെ വിട്ടു

Published

|

Last Updated

തിരുവനന്തപുരം: കോണ്‍വെന്റില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവ പരിശോധനാഫലം അടങ്ങിയ വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.
രാസ പരിശോധന ലാബ് മുന്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവരെയാണ് വെറുതെ വിട്ടുകൊണ്ട് തിരുവനന്തപുരം സി ജെ എം കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തിരുത്തല്‍ ദുരുദ്ദേശ്യപരമാണെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. വര്‍ക്ക് ബുക്ക് തയാറാക്കുന്നവര്‍ക്ക് തിരുത്താന്‍ അവകാശമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവെച്ചു. വര്‍ക്ക്ബുക്ക് തിരുത്തിയത് ദുരുദ്ദേശ്യത്തോട് കൂടിയാണെന്ന് സമര്‍ഥിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹരജിക്കാരന് ഹാജരാക്കാനായില്ല. വര്‍ക്ക് ബുക്ക് തിരുത്തിയതിന് പിന്നിലെ ഗൂഢാലോചയും തെളിയിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെ വിടുന്നതെന്നും വിധിന്യായത്തില്‍ പറഞ്ഞു.
ഒട്ടേറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സിസ്റ്റര്‍ അഭയ കേസിന്റെ രാസപരിശോധനാഫലം രേഖപ്പെടുത്തിയ വര്‍ക്ക്് റജിസ്റ്റര്‍ തിരുത്തിയെന്ന് ആരോപിച്ച്, 2007 ഏപ്രിലില്‍ പുറത്തുവന്ന പത്രവാര്‍ത്തയാണ് കേസിനടിസ്ഥാനം.
തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കല്‍ തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. തിരുവനന്തപുരം ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ സൂക്ഷിച്ചിരുന്ന വര്‍ക്ക് രജിസ്റ്ററുകള്‍ കോടതി ഉടനടി പിടിച്ചെടുത്ത് ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ വിദഗ്ധ പരിശോധനക്കയച്ചിരുന്നു. തുടര്‍ന്ന് പുരുഷ ബീജം കണ്ടുവെന്ന് രേഖപ്പെടുത്തിയത് ബ്ലേഡ് കൊണ്ട് ചുരണ്ടിമാറ്റി റബ്ബര്‍ കൊണ്ട് തുടച്ച് പോസിറ്റീവായി എഴുതിയത് നെഗറ്റീവായെഴുതി എട്ട് സ്ഥലങ്ങളില്‍ കൃത്രിമം കാട്ടിയതായി തെളിഞ്ഞിരുന്നു. ഗൂഢാലോചന നടത്തി സര്‍ക്കാര്‍ രേഖകളില്‍ ഗുരുതരമായി തിരിമറി നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 465, 466, 471, 120 ബി, 34 ഐ പി സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സത്യം ജയിച്ചെന്നും നിരപരാധികളാണ് തങ്ങളെന്ന് തെളിഞ്ഞെന്നും ആര്‍ ഗീതയും എം ചിത്രയും പറഞ്ഞു. കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. അന്തിമ പരിശോധനാ ഫലം ലഭിച്ചതനുസരിച്ചാണ് തിരുത്തല്‍ നടത്തിയത്, തീരുത്തല്‍ നടത്തിയതിന്റെ കാരണവും വര്‍ക്ക് ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.
അതേസമയം സി ജെ എം കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു.
സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികളെ 2008 നവംബര്‍ 18ന് സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം സി ബി ഐ കോടതിയിലാണ് പ്രതികള്‍ക്കെതിരെ വിചാരണ നടക്കുന്നത്.

Latest