Connect with us

Kerala

ഇവര്‍ തൊട്ടറിയുന്നു നെഹ്‌റു കണ്ടെത്തിയ ഇന്ത്യയെ

Published

|

Last Updated

mlp-Blaint- story>>>ഇന്ന് ശിശുദിനം

മലപ്പുറം;കാണാത്ത നാടിന്റെ വിശേഷങ്ങള്‍ വിരലുകള്‍ കൊണ്ട് തൊട്ടറിയുകയാണ് ഈ കുരുന്നുകള്‍. ഒപ്പം ഇവരുടെയെല്ലാം പ്രിയപ്പെട്ട ചാച്ചാജിയെ കുറിച്ചും. നെഹ്‌റുവിന്റെ ഓര്‍മയില്‍ ഒരു ശിശുദിനം കൂടിയെത്തുമ്പോള്‍ മങ്കട വള്ളിക്കാപറ്റയിലെ കേരള അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ ഇന്ത്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കുട്ടികളെ ഏറെ ഇഷ്ടപ്പെടുകയും അവര്‍ സ്‌നേഹത്തോടെ ചാച്ചാജി എന്ന് വിളിക്കുകയും ചെയ്തിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തല്‍) എന്ന പുസ്തകം അകക്കണ്ണിന്റെ വെളിച്ചത്തില്‍ വായിച്ച് തീര്‍ക്കുകയാണിവര്‍.

സ്‌കൂള്‍ ലൈബ്രറിയിലെ ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങളില്‍ വിരലുകളോടിച്ചാണ് അറിവിനെ വേട്ടയാടിപ്പിടിക്കുന്നത്. ജയിലിലിരുന്ന് ജവഹര്‍ലാല്‍ നെഹ്‌റു മകളായ ഇന്ദിരക്ക് അയച്ച കത്തുകളുടെ പുസ്തക രൂപമായ “ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകളും” ഇവര്‍ വായിച്ചു തീര്‍ക്കുന്നു. രാജ്യമെങ്ങും ശിശുദിനം ആഘോഷിക്കുമ്പോള്‍ ഇവരും അറിയുന്നുണ്ട് ഇന്ത്യയുടെ മഹത്തായ ചരിത്രവും സംസ്‌കൃതിയുമെല്ലാം. ശിശുദിനമായ ഇന്ന് മുതല്‍ ഇവിടെ അറിവിന്റെ യുദ്ധത്തിനും തുടക്കമാകുന്നുണ്ട്. ഒരുവര്‍ഷം നീളുന്ന ക്വിസ് മത്സരമാണ് വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ അധികൃതര്‍ ഒരുക്കുന്നത്.
1955ല്‍ സ്ഥാപിതമായ വിദ്യാലയത്തില്‍ 84 അന്ധ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. കൂടാതെ കേള്‍വിയും കാഴ്ചയുമില്ലാത്ത പത്ത് വിദ്യാര്‍ഥികളും ഇവിടെയുണ്ട്. ഇവരുടെ ലോകം തന്നെ ഈ സ്‌കൂളാണ്. സ്വന്തം മക്കളെ പോലെ സ്‌നേഹിക്കുകയും ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന അധ്യാപകര്‍ കൂടി ചേരുമ്പോള്‍ ഇതൊരു കുടുംബമാകും. പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് കമ്പ്യൂട്ടര്‍ പഠിച്ചും പാട്ടു പാടിയും കഥകള്‍ പറഞ്ഞും കൃഷി ചെയ്തും കരകൗശല വസ്തുക്കള്‍ നിര്‍മിച്ചുമെല്ലാം തങ്ങളുടെ വൈകല്യത്തെ മറികടക്കുകയാണ് ഇവര്‍. സിനിമക്ക് പിന്നണി പാടിയ നാലാം ക്ലാസുകാരിയായ ഫാത്വിമ അന്‍ഷിയും റിയാലിറ്റി ഷോയില്‍ പാടുന്ന റിന്‍ഷയുമെല്ലാം ഇവര്‍ക്കിടയിലെ കുട്ടിത്താരങ്ങളാണ്.


Latest