Connect with us

Gulf

പുകയില വിരുദ്ധ നിയമം;15 കഫേകള്‍ അടപ്പിച്ചു

Published

|

Last Updated

ദുബൈ: ഫെഡറല്‍ സര്‍ക്കാരിന്റെ പുകയില വിരുദ്ധ നിയമത്തിന്റെ ഭാഗമായി നഗരത്തിലെ 15 കഫേകള്‍ ദുബൈ നഗരസഭ അടപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ നിയമ നടപടിക്കായി നഗരസഭ ദുബൈ സാമ്പത്തിക വികസന വിഭാഗത്തിന് കൈമാറിയിരിക്കയാണ്. നിയമത്തിന്റെ ഭാഗമായ നിബന്ധനകളില്‍ വീഴ്ച വരുത്തിയതാണ് കഫേകള്‍ക്ക് താഴ്‌വീഴാന്‍ ഇടയാക്കിയത്.
കടകള്‍ അടച്ചുപൂട്ടിയതായി ദുബൈ നഗരസഭയുടെ പരിസ്ഥിതി വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ സലീം മെസ്മര്‍ വ്യക്തമാക്കി. പുതിയ നിയമപ്രകാരം കഫേകളുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ സംഭവിക്കുന്ന പക്ഷം അതില്‍ ഇടപെടാനും നടപടി സ്വീകരിക്കാനും പുതിയ നിയമം നഗരസഭക്ക് അധികാരം നല്‍കിയിട്ടുണ്ട്. ചില കഫേകള്‍ പുകയില നിരോധന നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭയുടെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ മര്‍വാന്‍ അല്‍ മഹമൂദ് മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. പുകവലി നിരുത്സാഹപ്പെടത്താന്‍ ലക്ഷ്യമിട്ടാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.
ശീഷക്കടകള്‍ക്കെതിരായി കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ നാലും അഞ്ചും നക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്കായി ശീഷ സൗകര്യം പരിമിതപ്പെടുത്തുമെന്ന് ദുബൈ നഗരസഭ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
നിയമം കാറ്റില്‍ പറത്തി ശീഷ നല്‍കിയതാണ് കഫേകള്‍ക്കെതിരെ നടപടിക്ക് കാരണമായത്. നിയമലംഘനങ്ങളുടെ പേരില്‍ ശീഷ കടകള്‍ അടച്ചുപൂട്ടാന്‍ ദുബൈ നഗരസഭ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സാമ്പത്തിക വികസന വകുപ്പിനോട്് ശുപാര്‍ശ ചെയ്തിരുന്നു. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന 400 ല്‍ അധികം ശീഷ കടകളില്‍ 30 ശതമാനവും പുകവലിക്കെതിരായ ഫെഡറല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുകയാണന്നും നഗരസഭ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. ഇവക്കെതിരെ കൂടി നടപടി സ്വീകരിച്ചാല്‍ ശീഷ നല്‍കുന്ന കോഫി ഷോപ്പുകള്‍ക്ക് ഒപ്പം അടച്ചു പൂട്ടുന്ന കടകളുടെ എണ്ണം കുത്തനെ ഉയരും.

Latest