‘പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ ദേശവ്യാപക സംവാദങ്ങള്‍ ഉയരണം’

Posted on: November 10, 2014 5:18 am | Last updated: November 9, 2014 at 11:19 pm

കൊച്ചി: രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി നിയമങ്ങള്‍ പുനരവലോകനം ചെയ്യുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ ദേശവ്യാപകമായ സംവാദങ്ങള്‍ ഉയര്‍ന്നുവരണ്ടതുണ്ടെന്ന് പരിസ്ഥിതി, വനം, ശാസ്ത്ര, സാങ്കേതികം എന്നിവക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. അശ്വനികുമാര്‍ എം പി പറഞ്ഞു. സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു സമിതിയെ നിയോഗിച്ച വാര്‍ത്തകളെ തുടര്‍ന്ന് ഈ കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറന്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയിക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി കൊച്ചിയിലും തിരുവനന്തപുരത്തും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നടത്തിയ സന്ദര്‍ശനങ്ങള്‍ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി നിയമങ്ങളില്‍ 1986 പരിസ്ഥിതി സംരക്ഷണ നിയമമുള്‍പ്പടെയുള്ള ഏഴ് നിയമങ്ങളില്‍ പുനഃപരിശോധന നടത്തുന്നതിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ് ഉന്നതാധികാരസമിതിയെ നിയോഗിച്ചത്. പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് പരിസ്ഥിതി സംരക്ഷണത്തെ കൂടുതല്‍ ശക്തമാക്കുന്നതിനുവേണ്ടിയാകണം. പരിസ്ഥിതി സംരക്ഷണം പോലുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടാകരുത്. പരിസ്ഥിതി സംരക്ഷണവുമായിബന്ധപ്പെട്ട തീരുമാനങ്ങളും നടപടികളും തലമുറകളെ ബാധിക്കുന്നതിനാല്‍ സര്‍ക്കാരുകള്‍ മാറിമാറിവരുമ്പോഴും ഇക്കാര്യങ്ങളില്‍ തുടര്‍ച്ചനിലനില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണവും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും കേന്ദ്രീകരിച്ച് രാജ്യത്ത് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടായാല്‍ സാമ്പത്തിക വളര്‍ച്ച വേഗത്തില്‍ കൈവരിക്കാന്‍ കഴിയില്ലെന്ന നിഗമനങ്ങളും വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെന്നത് പരിസ്ഥിതിക്ക് ദോഷംമാത്രമുണ്ടാക്കുന്നതാണെന്നുമുള്ള നിഗമനങ്ങളും ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒരിക്കലും ഗുണകരമാകില്ല. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വളര്‍ച്ചയും പരസ്പരബന്ധിതമായി കാണാന്‍ കഴിയണം. പരിസ്ഥിസംരക്ഷണത്തിനും മലിനീകരണങ്ങള്‍ നിയന്ത്രിക്കുന്നതിനും ശാസ്ത്രസാങ്കേതിക വിദ്യയിലുടെ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തണം. രാജ്യത്തെ പരിസ്ഥിതി സൗഹാര്‍ദ സംസ്ഥാനങ്ങളില്‍ വളരെ പ്രാമുഖ്യമുള്ളതിനാലാണ് പാര്‍ലമെന്ററി സമിതി കേരളത്തെ സന്ദര്‍ശനത്തിനായി തിരഞ്ഞെടുത്തത്. എന്നാല്‍ കേരളത്തിലും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നുണ്ട്. സംസ്ഥാനത്തെ കായല്‍ പ്രദേശങ്ങളില്‍ 40 ശതമാനത്തോളം നികത്തപ്പെട്ടതായാണ് കണക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. കായലുകളിലും നദികളിലും ഉണ്ടാകുന്ന മലിനീകരണവും ഗുരുതരപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങളെ സംസ്ഥാനം ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ സംസ്ഥാനത്തിന്റെ വലിയ വരുമാന സ്രോതസുകളിലൊന്നായ വിനോദ സഞ്ചാര മേഖലയിലും ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.
രാജ്യത്ത് നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സഹായകമായ ഗവേഷണ നടപടികള്‍ ശാസ്ത്ര സമൂഹത്തില്‍നിന്നുണ്ടാകണം. ലക്ഷദ്വീപില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി നടപ്പാക്കിയിട്ടുള്ള കടല്‍വെള്ള ശുദ്ധീകരണ പ്ലാന്‍ുകള്‍ രാജ്യത്തെ ഇതര തീരപ്രദേശ മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതാണ്. ആഴക്കടലിലുള്ള ധാതുസമ്പത്തിനെ കണ്ടെത്തുന്നതിനും ഇവ കുഴിച്ചെടുക്കുന്നതിനും സാഹയകമായ ശാസ്ത്രസാങ്കേതിക സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന് ശാസ്ത്രസമൂഹം പ്രധാന പരിഗണന നല്‍കേണ്ടതുണ്ടെന്നും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും തേടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, ഐ എസ് ആര്‍ ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് പാര്‍ലമെന്ററി സമിതി കൊച്ചിയിലെത്തിയത്. നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി ഡയറക്ടര്‍ എന്നിവരുള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യേഗസ്ഥരുമായി കൊച്ചിയില്‍ സമിതി ചര്‍ച്ചനടത്തി.
എന്‍ ഐ ഒ കൊച്ചി കേന്ദ്രവും സെന്റര്‍ ഫോര്‍ മറൈന്‍ ലീവിംഗ് റിസോഴ്‌സ് ആന്‍ഡ് ഇക്കോളജി കേന്ദ്രവും സമിതി സന്ദര്‍ശിച്ചു. വേമ്പനാട് കായലിലും സമിതി സന്ദര്‍ശനം നടത്തി. കേരളത്തില്‍നിന്നുള്ള രാജ്യസഭ അംഗം സി പി നാരായണനുള്‍പ്പടെ 31 എം പിമാരുള്ള പരിസ്ഥിതി, വനം, ശാസ്ത്ര, സാങ്കേതികം എന്നിവക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ 21 അംഗങ്ങളാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയത്.