മീനങ്ങാടി-സുല്‍ത്താന്‍ ബത്തേരി റോഡില്‍ ബസ്സുകളുടെ മരണപ്പാച്ചില്‍ തുടര്‍ക്കഥയാവുന്നു

Posted on: November 9, 2014 12:59 am | Last updated: November 9, 2014 at 12:59 pm

സുല്‍ത്താന്‍ ബത്തേരി: ദേശീയപാതയില്‍ മീനങ്ങാടി-സുല്‍ത്താന്‍ ബത്തേരി റോഡില്‍ ബസ്സുകളുടെ മരണപ്പാച്ചില്‍ തുടര്‍ക്കഥയാകുന്നു. ദേശീയപാതയിലെ കൊളഗപ്പാറ കവല സ്ഥിരം അപകടമേഖലയാണ്.
കാര്യക്ഷമമായ സിഗ്നല്‍ സംവിധാനമൊരുക്കാത്തതും അമിതവേഗവുമാണ് പലപ്പോഴും ഇവിടെ അപകടം ക്ഷണിച്ചുവരുത്തുന്നത്.
ഒരുവര്‍ഷത്തിനിടെ കൊളഗപ്പാറ കവലയില്‍ ചെറുതും വലുതുമായ നൂറിലേറെ അപകടങ്ങളാണ് നടന്നിട്ടുള്ളത്. പലരും മരിക്കുകയും മറ്റുള്ളവര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടും കവലയില്‍ സിഗ്നല്‍ ബോര്‍ഡുകളോ ഒരു ട്രാഫിക് പോലിസിനെ നിയമിക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിന് കാരണമാവുന്നത്. അമ്പലവയലില്‍നിന്നു വരുന്ന വാഹനങ്ങള്‍ ദേശീയപാതയിലേക്ക് അശ്രദ്ധമൂലം കടക്കുന്നതും ഹൈവേയില്‍ അമിതവേഗത്തില്‍ വരുന്ന വാഹനങ്ങളുമാണ് അപകടത്തില്‍പ്പെടുന്നത്. യാത്രക്കാരും സമീപത്തെ കച്ചവടക്കാരും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പേരിനു മാത്രം നടപടി സ്വീകരിച്ച് അധികൃതര്‍ തടിയൂരുകയാണ്. ദേശീയപാതയിലൂടെ വാഹനങ്ങളുടെ അമിതവേഗം കാല്‍നടയാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നു