ഹൃദയം കൊണ്ട് സംവദിച്ച ഹൃദയകുമാരി ടീച്ചര്‍

Posted on: November 9, 2014 12:32 am | Last updated: November 9, 2014 at 12:32 am

20tvm_teacher4_jpg_1523550gതിരുവനന്തപുരം: വൈജ്ഞാനിക മേഖലയില്‍ വ്യാപരിക്കുമ്പോഴും ഇടപെട്ട മേഖലകളിലെല്ലാം ഹൃദയം കൊണ്ട് സംവദിച്ച എഴുത്തുകാരിയായിരുന്നു ഹൃദയകുമാരി. 36 വര്‍ഷം അധ്യാപന രംഗത്തു നിറസാന്നിധ്യമായിരുന്ന ഹൃദയകുമാരി ടീച്ചര്‍ സ്വന്തം പേരിനെ അന്വര്‍ഥമാക്കും വിധം താന്‍ ഇടപെട്ട മേഖലകളില്‍ തന്റേതായ വ്യക്തിത്വം രേഖപ്പെടുത്തിയാണ് ഓര്‍മയിലേക്ക് മടങ്ങുന്നത്. 

സൗമ്യവും ശാന്തവും ദീപ്തവുമായ സാന്നിധ്യമായി മലയാളിയുടെ മനസ്സില്‍ ഇടം നേടിയപ്പോഴും ധീരവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി കര്‍മ്മമണ്ഡലത്തില്‍ ടീച്ചര്‍ നിലകൊണ്ടു. നാലു പതിറ്റാണ്ട് നീണ്ടു നിന്ന അധ്യാപന ജീവിതത്തിലൂടെ സമ്പാദിച്ച എണ്ണമറ്റ ശിഷ്യസമ്പത്തിന് ഉടമായിരുന്നു ടീച്ചര്‍. താന്‍ ആര്‍ജിച്ചതെല്ലാം ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയാണ് ടീച്ചര്‍ വിടവാങ്ങിയത്. ഇംഗ്ലീഷ് അധ്യാപനത്തില്‍ പകരം വെക്കാനില്ലാത്ത അധ്യാപിക. അധ്യാപനത്തിലൂടെയും വായനയിലൂടെയും താന്‍ പരിചയിച്ച സാഹിത്യലോകത്തെ രചനയുടെ സൗകുമാര്യത്തോടെ വായനക്കാര്‍ക്കു പകര്‍ന്നു നല്‍കിയ എഴുത്തുകാരി. സാഹിത്യത്തിന്റെ സൗന്ദര്യത്തെ ഇഴകീറി വിശകലനം ചെയ്ത നിരൂപക, വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി വിട്ടുവീഴ്ചയില്ലാതെ ദീര്‍ഘവീഷണത്തോടെ നിലകൊണ്ട വിദ്യാഭ്യാസ വിദഗ്ധ, കേള്‍വിക്കാരെ വിജ്ഞാനത്തിന്റെ പുതിയ മേഖലയിലേക്ക് നയിച്ച ധീഷണാശാലിയായ വാഗ്മി. അങ്ങനെ കൈെവച്ച മേഖലകളിലെല്ലാം തന്റേതായ കൈയൊപ്പ് ചാര്‍ത്തിയാണ് ടീച്ചര്‍ മടങ്ങുന്നത്. എറണാകുളം മഹാരാജാസ്, തലശേരി ബ്രണ്ണന്‍, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി വിമന്‍സ് കോളജ് എന്നിവിടങ്ങളില്‍ സേവനമനുഷഠിച്ചതില്‍ 28 വര്‍ഷം യൂനിവേഴിസിറ്റി കോളജിലായിരുന്നു.
വിമന്‍സ് കോളജില്‍ നിന്ന് പ്രിന്‍സിപ്പലായി 1989ല്‍ വിരമിക്കുമ്പോള്‍ സാംസ്‌കാരിക ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു ടീച്ചറുടേത്. എഴുതിയും പ്രസംഗിച്ചും മലയാളിയുടെ സാമൂഹ്യ വിദ്യാഭ്യാസ നിലപാടുകളില്‍ ഇടപെട്ട് പിന്നീടും പതിറ്റാണ്ടുകള്‍ നീണ്ട യാത്രയില്‍ ടീച്ചര്‍ സജീവമായിരുന്നു. അധ്യാപന സാമൂഹ്യ മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും സാഹിത്യ പ്രവര്‍ത്തനവും സമാന്തരമായി കൊണ്ടുപോയിരുന്നു. ആംഗലേയ സാഹിത്യകാരന്‍മാരുടെ കൃതികളെ ആസ്പദമാക്കി രചിച്ച ‘കാല്‍പ്പനികത’ എന്ന കൃതിക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം. സര്‍വകലാശാലകളിലും കോളജുകളിലും ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതി ആവിഷ്‌കരിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷ ഹൃദയകുമാരിയായിരുന്നു.
വിദ്യാഭ്യാസ വികാസത്തെ ഉള്‍ക്കാഴ്ചയോടെ സമീപിച്ച ഹൃദയകുമാരി സമകാലീന വിദ്യാഭ്യാസത്തിന്റെ മൂല്യച്യുതിയില്‍ ആശങ്കയും പ്രകടിപ്പിച്ചിരുന്നു. അധ്യാപകരുടെ അന്തസ്സിനുവേണ്ടി നിലകൊണ്ട ടീച്ചര്‍ അണ്‍ എയ്ഡഡ് മേഖലയില്‍ അധ്യാപകര്‍ നേരിടുന്ന ചൂഷണത്തിനെതിരെ ശക്തമായി നിലകൊള്ളാനും ടീച്ചര്‍ മുന്നിലുണ്ടായിരുന്നു. നിലപാടുകളില്‍ ഉറച്ച് കരിക്കുലം കമ്മിറ്റിയില്‍ നിന്ന് രാജി വച്ച് പുറത്തു വന്നത് അന്ന് വാര്‍ത്തയായിരുന്നു.
പേരിനെ അന്വര്‍ഥമാക്കി തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സൗമ്യഹൃദയയായായിരുന്നു ടീച്ചറുടെ അവസാനകാല ജീവിതം. ചെടികളേയും മരങ്ങളേയും ഹൃദയം തൊട്ട് പരിപാലിച്ചിരുന്ന ടീച്ചര്‍താമസിച്ചിരുന്ന സ്ഥലമായ നന്ദാവനത്തേയും അന്വര്‍ഥമാക്കി. വിജ്ഞാനത്തിന്റേയും സംസ്‌കാരത്തിന്റേയും അര്‍ഥപൂര്‍ണമായ വിത്തുകള്‍ പാകി യാത്രയാകുമ്പോള്‍ ടീച്ചര്‍ ഇനി ഉറ്റവരുടെ ഹൃദയങ്ങളില്‍ ഓര്‍മ്മയായി അവശേഷിക്കും.