Connect with us

Ongoing News

അട്ടപ്പാടി ശിശുമരണം സമഗ്രമായി അന്വേഷിക്കണം: വി എസ്

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ശിശുമരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതൊഴിവാക്കാനും കുട്ടികളുടെ ആരോഗ്യ- പോഷകാഹാര പരിപാലനത്തിനുമായി ആവിഷ്‌കരിച്ച പദ്ധതിയുടെ നടത്തിപ്പിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ 18 ശിശുമരണവും 22 ഗര്‍ഭസ്ഥ ശിശുമരണവും ഉണ്ടായി. ഇത് തടയാന്‍ അടിയന്തര നടപടി എടുത്തില്ലെങ്കില്‍ ദുരന്തം ഇനിയും വര്‍ധിക്കും.
2012ല്‍ അട്ടപ്പാടിയില്‍ 63 ശിശുമരണവും 40 ഗര്‍ഭസ്ഥ ശിശുമരണവും സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും കുറ്റമറ്റ ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ചില പദ്ധതികള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതരായത്. 400 കോടിയോളം രൂപ ഈയിനത്തില്‍ ചെലവഴിച്ചതായാണ് കേള്‍ക്കുന്നത്. ത്രിതല പഞ്ചായത്തുകള്‍ 1.26 കോടി രൂപയും ഇതിനായി നീക്കിവെച്ചിരുന്നു. എന്നാല്‍, വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം പദ്ധതികൊണ്ട് പ്രതീക്ഷിച്ച ഫലമുണ്ടായില്ല. അതുപോലെ ആദിവാസി മേഖലയിലെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുതില്‍ ഊരുകൂട്ടങ്ങളെയോ ആദിവാസി സംഘടനകളെയോ ബന്ധപ്പെടുത്താത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുത്.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് ഇതൊന്നും ശ്രദ്ധിക്കാനോ പരിഹരിക്കാനോ സമയമില്ല. കൊടിയ അഴിമതി, വെട്ടിപ്പ്, തട്ടിപ്പ് എന്നിവയില്‍ മാത്രമാണ് ശ്രദ്ധ. ഇപ്പോഴാകട്ടെ സര്‍ക്കാര്‍ ബാര്‍ കോഴയില്‍ കുഴഞ്ഞുമറിയുകയാണ്. ജനങ്ങളുടെ ഒരു പ്രശ്‌നവും ശ്രദ്ധിക്കാന്‍ സര്‍ക്കാരിന് സമയമില്ല. അട്ടപ്പാടിയിലെ ആരോഗ്യ-പോഷകാഹാരപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശിശുമരണങ്ങള്‍ ഒഴിവാക്കാനും സര്‍ക്കാരിന്റെ അടിയന്തര നടപടികളുണ്ടാകണം. അല്ലാത്തപക്ഷം അട്ടപ്പാടിയില്‍ നിന്ന് നിലക്കാത്ത നിലവിളികളായിരിക്കും ഉയരുക എന്നും വി എസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest