അഗ്രിഫെസ്റ്റിനും ജില്‍സിന്റെ ലോഗോ

Posted on: November 7, 2014 11:11 am | Last updated: November 7, 2014 at 11:11 am

കല്‍പ്പറ്റ: നിരവധി ഔദ്യോഗിക പരിപാടികള്‍ക്ക് ലോഗോ ഡിസൈന്‍ ചെയ്ത വെള്ളമുണ്ട സ്വദേശി ആര്‍ട്ടിസ്റ്റ് എ. ജില്‍സിന്റെ ലോഗോ നാഷണല്‍ അഗ്രിഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോയായി തിരഞ്ഞെടുത്തു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് മാനന്തവാടിയില്‍ ഡിസംബര്‍ 19 മുതല്‍ 26 വരെ നടത്തുന്ന നാഷണല്‍ അഗ്രിഫെസ്റ്റിന്റെ ലോഗോപ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍, പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടത്തിയ ഗോത്രായനം, പൈതൃകോല്‍സവം പരിപാടികളുടെ ലോഗോയും ജില്‍സായിരുന്നു ഡിസൈന്‍ ചെയ്തത്. നിരവധി പ്രമുഖരുടെ ഛായാചിത്രങ്ങള്‍ വരച്ച് പ്രമുഖനായ ജില്‍സ് റേഡിയോ മാറ്റൊലി ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ലോഗോയും ഡിസൈന്‍ ചെയ്ത് നേരത്തെ ശ്രദ്ധേയനായിരുന്നു.
കൊച്ചിയില്‍ ഇന്ന് ആരംഭിക്കുന്ന ഗ്ലോബല്‍ അഗ്രിമീറ്റിനെ തുടര്‍ന്നാണ് നാഷണല്‍ അഗ്രിഫെസ്റ്റിന് വയനാട് ആതിഥേയത്വം വഹിക്കുന്നത്.
പ്രദര്‍ശനം, വിപണനം, സെമിനാറുകള്‍ എന്നിവക്കൊപ്പം ജൈവ സംസ്ഥാനം, ജൈവ മണ്ഡലം, വിഷന്‍ 2030 തുടങ്ങിയവയുടെ ആസൂത്രണവും നിലവിലുള്ള പദ്ധതികളുടെ വിലയിരുത്തലും ഇതോടനുബന്ധിച്ച് നടക്കും. കൃഷിവകുപ്പിനെ കൂടാതെ വ്യവസായം, ടൂറിസം, പട്ടികജാതിവര്‍ഗ്ഗ ക്ഷേമവകുപ്പുകള്‍, വനം, ഫിഷറീസ്, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളും കോഫീബോര്‍ഡ്, ടീബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, മില്‍മ, തുടങ്ങിയ ഏജന്‍സികളും വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, വയനാട് ഓര്‍ഗാനിക് കണ്‍സോര്‍ഷ്യം, ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളും അഗ്രിഫെസ്റ്റില്‍ പങ്കാളികളാകും. കൃഷി പ്രമേയമാക്കി സംസ്ഥാനത്തെ ആദ്യത്തെ അഗ്രി ഫിലിംഫെസ്റ്റിവലും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. വയനാട് പ്രസ്‌ക്ലബ്ബ്, സംസ്ഥാന ചലച്ചിത്ര അക്കാദമി എന്നിവയുമായി സഹകരിച്ചാണ് അഗ്രി ഫിലിംഫെസ്റ്റിവല്‍ നടക്കുന്നത്.സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. സംഘാടകസമിതിയുടെ അടുത്ത യോഗം ജില്ലയിലെ മുഴുവന്‍ വകുപ്പ് മേധാവികളെയും ഉള്‍ക്കൊള്ളിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ 12ന് മാനന്തവാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.