അട്ടപ്പാടിയില്‍ 460 ആദിവാസി കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ്

Posted on: November 7, 2014 5:39 am | Last updated: November 6, 2014 at 11:42 pm

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 460 കുട്ടികള്‍ പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടുന്നതായി കണ്ടെത്തി. മദര്‍ ചൈല്‍ഡ് ട്രാക്കിംഗ് സിസ്റ്റത്തിലൂടെ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ നടത്തിയ വിവര ശേഖരണത്തിലാണ് കണ്ടെത്തല്‍. അനീമിയ ബാധിച്ച 276 ഗര്‍ഭിണികളുള്ളതായും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.
അമ്മമാരുടെയും, ഗര്‍ഭിണികളായ സ്ത്രീകളുടെയും, അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെയും ആരോഗ്യ സ്ഥിതിയെക്കുറിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഊരുകളില്‍ നിന്ന് ശേഖരിച്ച് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ നടപ്പാക്കുന്ന മദര്‍ ചൈല്‍ഡ് ട്രാക്കിംഗ് സിസ്റ്റമായ ജനനി, ജാതക് എന്നീ വെബ്‌സൈറ്റുകളാണ് അട്ടപ്പാടിയിലെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്നത്.
നവംബര്‍ നാല് വരെയുള്ള കണക്കുകള്‍ പ്രകാരം അട്ടപ്പാടിയിലെ വിവിധ ഊരുകളിലായി 460 കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നത്.
ഇതില്‍ 76 പേര്‍ അടിയന്തര ചികിത്സ അര്‍ഹിക്കുന്നവരാണ്. 276 ഗര്‍ഭിണികള്‍ക്ക് അനീമിയമൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
28 സബ്‌സെന്ററുകളിലായി 52 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് കൃത്യമായ ഇടവേളകളില്‍ വിവരശേഖരണം നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസവം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും ഇപ്പോഴും വീടുകളിലെ പ്രസവവും മറ്റും തുടരുന്നത് പട്ടിക വര്‍ഗ ക്ഷേമ വകുപ്പിന്റെയും സാമൂഹിക ക്ഷേമ വകുപ്പിന്റെയും വീഴ്ചയാണെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. രോഗികളായവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതാണ് അടുത്തിടെയുണ്ടായ മരണങ്ങള്‍ക്ക് പ്രധാന കാരണം.
ഊരുകളിലെ അമ്മമാരെയും കുട്ടികളെയും നിരന്തരം നിരീക്ഷിക്കാന്‍ സംവിധാനമുണ്ടായിട്ടും മരണങ്ങള്‍ തുടര്‍ക്കഥയാകുന്നതിന്റെ കുറ്റം പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ആരോഗ്യവകുപ്പും പട്ടിക വര്‍ഗ ക്ഷേമ വകുപ്പും ശ്രമിക്കുന്നത്. ഇതിനിടെ മുതലമടയിലും അട്ടപ്പാടിയിലും മറ്റും എന്‍ഡോസള്‍ഫാന്‍ തുടര്‍ന്നും ഉപയോഗിക്കുന്നു എന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ ഇത് കണ്ടെത്തുന്നതിന് മേഖലയില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു. ഇതിനായി പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. സ്‌ക്വാഡ് മുതലമട, അട്ടപ്പാടി പ്രദേശങ്ങളില്‍ പരിശോധന നടത്തുകയും പൊതുജനങ്ങളില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്യും. പൊതു ജനങ്ങള്‍ക്കുളള ഭീതി അകറ്റുന്നതിന് പ്രത്യേക ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്.
സ്‌ക്വാഡില്‍ കൃഷി, പോലീസ്, റവന്യൂ, ഗ്രാമപഞ്ചായത്ത് പ്രതിനിധി തുടങ്ങിയവയുടെ അംഗങ്ങളുണ്ടാകും. ഇതിന് പുറമെ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ആരോഗ്യം, കൃഷി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അവക്ക് ചെലവഴിച്ച തുകകളും സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.