Connect with us

Wayanad

മന്ത്രി ജയലക്ഷ്മി സഹായിച്ചു; ഹരിതക്ക് സ്‌കോട്ട്‌ലന്റിലേക്ക് പറക്കാം

Published

|

Last Updated

കല്‍പ്പറ്റ: സ്‌കോട്ട്‌ലന്റിലെ എഡിന്‍ബര്‍ഗില്‍ നടക്കുന്ന ആറാമത് തയ്‌ക്കോണ്ട കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പ്രയാസമനുഭവിച്ചിരുന്ന ഹരിതക്ക് പ്രതിസന്ധി ഘട്ടത്തില്‍ സഹായമായി മന്ത്രി പി കെ ജയലക്ഷ്മി.
കല്‍പ്പറ്റ കോട്ടത്തറ ആനേരി കരികൊല്ലി കോളനിയിലെ ചന്ദ്രന്‍- ശാരദ ദമ്പതികളുടെ മൂന്നാമത്തെ മകള്‍ സി കെ ഹരിതക്ക് സാമ്പത്തിക പ്രയാസംമൂലം കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടനെ പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ഇടപെട്ട് 24 മണിക്കൂര്‍കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പട്ടികവര്‍ഗ വിഭാഗത്തിലെ പണിയ സമുദായക്കാരിയായ ഹരിത തിരുവനന്തപുരം എല്‍ എന്‍ സി പിഇ സായ് പരിശീലന കേന്ദ്രത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. അഞ്ചുവര്‍ഷമായി തയ്‌ക്കോണ്ട പരിശീലനം നടത്തുന്ന ഹരിത രാജസ്ഥാനില്‍ നടന്ന സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ്‌മെഡല്‍ നേടിയാണ് കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1,27,503 രൂപ യാത്രാ ചെലവിനത്തില്‍ അടച്ചെങ്കില്‍ മാത്രമേ സ്‌കോട്ട്‌ലന്റിലേക്ക് പോകാനാകൂ. കേന്ദ്രസര്‍ക്കാരാണ് ഈ ചെലവ് വഹിക്കേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നും പണം ലഭിക്കുന്നതുവരെ യാത്രാച്ചെലവ് സ്വന്തം വഹിക്കണം. കേരളത്തില്‍നിന്ന് ഹരിത ഉള്‍പ്പെടെ രണ്ടുപേരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. നിര്‍ധന കുടുംബാംഗമായ ഹരിതക്ക് ഈ ചെലവ് സ്വന്തം വഹിക്കാന്‍ കഴിയില്ല. ബുധനാഴ്ച ഉച്ചയോടെയാണ് സ്‌പോര്‍ട്‌സ് മന്ത്രാലയത്തില്‍നിന്ന് ഹരിതക്ക് അറിയിപ്പ് ലഭിച്ചത്. പിന്നീട് മന്ത്രിയെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരംതന്നെ പ്രത്യേക കേസായി പരിഗണിച്ച്, ഹരിതയുടെ വ്യക്തിഗത നേട്ടം അംഗീകരിച്ച്, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായമായി ഒരു ലക്ഷംരൂപ അനുവദിക്കണമെന്ന് മന്ത്രി പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
സായ് പരിശീലന കേന്ദ്രത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള ഗെയിംസില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ യാത്രാച്ചെലവ് പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ വഹിച്ചുവരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് പണം അനുവദിക്കാന്‍ കഴിയില്ല. 12ന് ബാംഗ്ലൂരില്‍നിന്നും എഡിന്‍ബര്‍ഗിലേക്ക് പുറപ്പെടേണ്ട ഹരിതക്ക് പെട്ടെന്ന് പണം ഉണ്ടാക്കാനും കഴിയില്ല. ഈ സാഹചര്യം പരിഗണിച്ചാണ് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ക്കുള്ള ഇനത്തില്‍ ധനസഹായം അനുവദിച്ചത്. ഈ വിഭാഗത്തില്‍ സെലക്ഷന്‍ ലഭിക്കുന്ന കേരളത്തില്‍നിന്നുള്ള ഏക പട്ടികവര്‍ഗ വിദ്യാര്‍ഥിയാണ് ഹരിത. മധ്യപ്രദേശില്‍ നടന്ന നാഷണല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി ദേശീയ മത്സരങ്ങളില്‍ ജേതാവായ ഹരിത ബി ബാലഗോപാല്‍, ഭാര്യ കാനന്‍ ബാലാദേവി എന്നിവര്‍ക്കു കീഴിലാണ് പരിശീലനം നേടുന്നത്.