Connect with us

Kerala

സ്ഥിരം ലോഡ്‌ഷെഡിംഗ് ആലോചിച്ചിട്ടില്ല: ആര്യാടന്‍

Published

|

Last Updated

തിരുവനന്തപുരം: സ്ഥിരമായ ലോഡ് ഷെഡിംഗിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറയുമ്പോള്‍ മാത്രമാണ് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) സംഘടിപ്പിച്ച എം എസ് റാവുത്തര്‍ ഫോട്ടോ അനാച്ഛാദനവും കോണ്‍ഫറന്‍സ് ഹാള്‍ നാമകരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ഉത്പാദനം കുറവും ഉപഭോഗം കൂടുതലുമാണ് ഇപ്പോള്‍. 2900 കോടി രൂപയുടെ നഷ്ടത്തിലാണ് ബോര്‍ഡ്. 3200 മെഗാവാട്ട് ആവശ്യമുള്ളിടത്ത് 1600 മെഗാവാട്ടിന്റെ ആഭ്യന്തര ഉത്പാദനം മാത്രമാണ് നടക്കുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറയുമ്പോഴാണ് ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുന്നത്. സ്ഥിരമായ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തില്ല. എന്നാല്‍, ചെലവു ചുരുക്കി പോയില്ലെങ്കില്‍ ബോര്‍ഡിനെ ബാധിക്കും. സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനുള്ള നടപടി കെ എസ് ഇ ബിയില്‍നിന്നും ഉണ്ടാകില്ലെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു. രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതി യോജന പദ്ധതിപ്രകാരം കേരളത്തില്‍ 90 ശതമാനത്തിലേറെ വൈദ്യുതി കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. 85 ലക്ഷത്തോളം കണക്ഷനുകളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ബി പി എല്ലുകാര്‍ക്ക് കണക്ഷന്‍ സൗജന്യമായും എ പി എല്ലുകാര്‍ക്ക് വൈദ്യുത പോസ്റ്റ് സൗജന്യമായും നല്‍കുന്ന പദ്ധതിയാണ് രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതി യോജന. ഇതുപ്രകാരം ഇനിയും കണക്ഷന്‍ കിട്ടാത്തവര്‍ ഉടന്‍ അപേക്ഷ നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സഹായവും ബോധവത്കരണവും നല്‍കണമെന്നും മന്ത്രി പറഞ്ഞു. കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് കെ പി ധനപാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് കെ മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹാരിസ്, കോണ്‍ഫെഡറേഷന്‍ സംസ്ഥാന, ജില്ലാ, ഡിവിഷനല്‍ ഭാരവാഹികള്‍ സംബന്ധിച്ചു.

 

Latest