മുസാഫര്‍ നഗറില്‍ വീണ്ടും സംഘര്‍ഷം; 150 പേര്‍ക്കെതിരെ കേസ്

Posted on: August 31, 2014 6:00 am | Last updated: August 31, 2014 at 12:02 am

communalismമുസാഫര്‍നഗര്‍: കഴിഞ്ഞ വര്‍ഷമുണ്ടായ കലാപത്തിന്റെ മുറിവുണങ്ങും മുമ്പ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വീണ്ടും സംഘര്‍ഷം. ജാട്ട് കോളനിയില്‍പ്പെട്ട കുറച്ചാളുകള്‍ ചേര്‍ന്ന് നാല് വിദ്യാര്‍ഥികളെ തല്ലിയതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കുന്നത്.
നാല് വിദ്യാര്‍ഥികള്‍ ട്യൂഷന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം ജാട്ട് കോളനിയിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ ലൈംഗിക ആക്രമണങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവരാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ആളുകള്‍ ഇവരെ മര്‍ദിക്കുകയായിരുന്നു. നാല് വിദ്യാര്‍ഥികളെയും പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രശ്‌നം രൂക്ഷമായതോടെ കുട്ടികളെ പിന്തുണക്കുന്ന ആളുകള്‍ പോലീസ് സ്റ്റേഷനിലെത്തി കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് 150 ആളുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജനക്കൂട്ടം മീനാക്ഷി ചൗകില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വന്‍ പോലീസ് സന്നാഹം സംഭവ സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുകയായിരുന്നുവെന്ന് എസ് പി സര്‍വന്‍ കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുസാഫര്‍നഗറിലെ വിവിധ പ്രദേശങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പോലീസിന് പുറമെ സൈന്യത്തെയും ഇവിടെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.