പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് ഉദ്ഘാടനം സെപ്തംബര്‍ രണ്ടിന്‌

Posted on: August 29, 2014 1:15 am | Last updated: August 29, 2014 at 7:31 am

പാലക്കാട്: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പാലക്കാട് ഗവ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം സെപ്തംബര്‍ രണ്ടിന് നടക്കും.
യാക്കരയിലുള്ള മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ റിബന്‍ മുറിച്ച ശേഷം പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിശിഷ്ഠാതിഥിയാകും. ധനമന്ത്രി കെ എം മാണി മുഖ്യാതിഥിയാകും. ബോയ്‌സ് ഹോസ്റ്റല്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഗേള്‍സ് ഹോസ്റ്റല്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം മന്ത്രി വി എസ് ശിവകുമാറും മെഡിക്കല്‍ കോളജിന്റെ നാമകരണം മന്ത്രി അടൂര്‍ പ്രകാശും ലോഗോ പ്രകാശനം മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും നിര്‍വഹിക്കും. എം ബി രാജേഷ് എം പി മുഖ്യപ്രഭാഷണം നടത്തും. എം എല്‍ എമാര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുക്കും.