പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതിക്ക് തുടക്കമായി

Posted on: August 29, 2014 1:00 am | Last updated: August 29, 2014 at 1:00 am

തിരുവനന്തപുരം: ബേങ്കുകളുടെ സേവനം രാജ്യത്തെ എല്ലാ കുടുംബങ്ങളിലും ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘പ്രധാനമന്ത്രി ജന്‍ ധന്‍ യോജന’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ബേങ്കുകളുടെ സേവനം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി ഇന്ദിരാഗാന്ധി കൊണ്ടുവന്ന ദേശസാല്‍കൃത നടപടിക്ക് ശേഷമുള്ള ശ്രദ്ധേയ പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും ബേങ്ക് അക്കൗണ്ട് വഴിയാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പയിനിലൂടെ എട്ടു ലക്ഷം പുതിയ ബേങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളില്ലാത്ത ഏഴു ബ്ലോക്കുകളില്‍ ഇവ ആരംഭിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ധനമന്ത്രി കെ എം മാണി പറഞ്ഞു. ബേങ്കുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ബാങ്കുകള്‍ തുടങ്ങണം. ഇതിലൂടെ മാത്രമേ, വായ്പ ലഭ്യമാക്കല്‍ ഉള്‍പ്പെടെയുള്ള ബേങ്കിംഗ് സൗകര്യങ്ങള്‍ പൂര്‍ണമായും സാധാരണക്കാരിലെത്തൂവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും സാമ്പത്തിക സാക്ഷരതയും അടിസ്ഥാന വായ്പാ സൗകര്യവും ലഭ്യമാക്കുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ അക്കൗണ്ട് ആരംഭിച്ച എന്‍ ഗീത ഉള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യമന്ത്രി പാസ്ബുക്കും റുപേ കാര്‍ഡും വിതരണം ചെയ്തു.
ചടങ്ങില്‍ മന്ത്രിമാരായ കെ സി ജോസഫ്, വി എസ് ശിവകുമാര്‍, ശശി തരൂര്‍ എം പി, കെ മുരളീധരന്‍ എം എല്‍ എ, ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍, എസ് എല്‍ ബി സി കോ-ചെയര്‍മാന്‍ പി എസ് റാവത്ത്, വി സോമസുന്ദരന്‍, ഉമ ശങ്കര്‍, എസ് എന്‍ മിശ്ര, കെ ആര്‍ ബാലചന്ദ്രന്‍ സംസാരിച്ചു.