Connect with us

International

കഴിഞ്ഞ ഒരാഴ്ചക്കിടെ 346 ഇസില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ പ്രധാന വ്യോമ താവളമായ തഖ്ബയുടെ നിയന്ത്രണം പിടിക്കാനായി നടന്ന രൂക്ഷ പോരാട്ടത്തിനിടെ ഒരാഴ്ചക്കിടെ 346 ഇസില്‍ ആയുധധാരികളും 170 സര്‍ക്കാര്‍ സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ നീണ്ട ആക്രമണത്തിനൊടുവില്‍ ഞായറാഴ്ചയോടെ ഇസില്‍ സംഘം വടക്കുകിഴക്കന്‍ സിറിയയിലെ ഈ താവളത്തിന്റെ നിയന്ത്രണം പിടിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് 500ലധികം പേര്‍ മരിച്ചതെന്ന് വിവിധ നിരീക്ഷണ ഏജന്‍സികള്‍ അറിയിച്ചു. സിറിയന്‍ ആഭ്യന്തരയുദ്ധം തുടങ്ങിയ ശേഷം നടക്കുന്ന ഏറ്റവും ഭീകരമായ ആള്‍നാശമാണ് ഇതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വൃത്തങ്ങള്‍ വിലയിരുത്തുന്നു.
സിറിയയിലെയും ഇറാഖിലെയും നിരവധി പ്രദേശങ്ങള്‍ കൈയടക്കിയ ഇസില്‍ സംഘത്തെ വടക്കുകിഴക്കന്‍ സിറിയയില്‍ പ്രതിരോധിക്കാനുള്ള ഒരേയൊരു താവളമായിരുന്നു തഖ്ബ വ്യോമത്താവളം. ഞായറാഴ്ചയോടെ താവളത്തിനകത്ത് കയറിയ വിമത പക്ഷത്ത് വന്‍ നാശം വരുത്താന്‍ സൈന്യത്തിന് സാധിച്ചെങ്കിലും ഒടുവില്‍ പ്രതിരോധം അവസാനിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത നഗരമായ റഖ്ഖയിലെ പള്ളികളില്‍ നിന്ന് ഇസില്‍ സംഘം അധികാര പ്രഖ്യാപനം നടത്തിയിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ തഖ്ബ താവളം തിരിച്ചു പിടിക്കാനുള്ള ശ്രമം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. താവളത്തില്‍ നിരവധി സൈനികര്‍ മരിച്ചുവെന്ന് സമ്മതിച്ച സൈന്യം പക്ഷേ കൃത്യമായ എണ്ണം പുറത്തു വിട്ടിട്ടില്ല. ഇസില്‍ സംഘത്തെ തടയാന്‍ സിറിയയില്‍ അമേരിക്ക നേരിട്ട് ഇടപെടല്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്. പാശ്ചാത്യര്‍ പിന്തുണക്കുന്ന അന്നുസ്‌റ പോലുള്ള ഗ്രൂപ്പുകള്‍ക്ക് ഇപ്പോള്‍ തന്നെ അമേരിക്ക വന്‍ തോതില്‍ ആയുധങ്ങള്‍ നല്‍കുന്നുണ്ട്.

Latest