പാല്‍ വില ചാര്‍ട്ട് പരിഷ്‌കരിക്കാന്‍ മില്‍മ

Posted on: August 19, 2014 1:30 am | Last updated: August 19, 2014 at 1:30 am

milmaകോഴിക്കോട്: പാല്‍വില ചാര്‍ട്ട് പരിഷ്‌കരിക്കാന്‍ മില്‍മ, ക്ഷീരകര്‍ഷകര്‍, പ്രൈമറി സംഘങ്ങള്‍, ക്ഷീരവികസന വകുപ്പ് എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതിയെ ഉടനെ നിയോഗിക്കുമെന്ന് ക്ഷീര-ഗ്രാമ വികസന വകുപ്പ് മന്ത്രി കെ സി ജോസഫ്. പാലാഴിയില്‍ ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലിന്റെ ഗുണവ്യത്യാസമനുസരിച്ച് വ്യത്യസ്ത വില നിശ്ചയിക്കുന്ന ചാര്‍ട്ടിന് അടിസ്ഥാനമാക്കുന്ന ഘടകങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും അത്യുത്പാദനശേഷിയുള്ള കന്നുകാലികള്‍ വന്നതിന് ശേഷവും പഴയ വില നിര്‍ണയ രീതികള്‍ അവലംബിച്ചാല്‍ കര്‍ഷകര്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും കര്‍ഷകര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാര്‍ട്ട് പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞത്.
ഗുജറാത്തിലെ ആനന്ദിനേക്കാള്‍ മാതൃകാപരമായാണ് ക്ഷീരോത്പാദന രംഗത്ത് മലബാര്‍ മേഖലാ യൂണിയന്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തിന്റെ ആവശ്യത്തേക്കാള്‍ കൂടുതല്‍ ഉത്പാദനം നടത്തുന്നത് മലബാര്‍ യൂണിയനാണ്. കേരളമിപ്പോള്‍ പ്രതിദിനം ഒന്നര ലക്ഷത്തോളം ലിറ്റര്‍ പാല്‍ അയല്‍ സംസ്ഥാനത്ത് നിന്നും കൊണ്ടുവരുന്നുണ്ട്. ഉത്പാദനം ഇനിയും കൂട്ടിയാല്‍ നമുക്ക് സ്വയം പര്യാപ്തമാവാനാകും. ക്ഷീരകര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ മൃഗഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുകയെന്നതും സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ദിവസവും 250 ലിറ്റര്‍ പാല്‍ അളക്കുന്ന ചാത്തമംഗലത്തെ ജയന്‍ എം കെ യെ മികച്ച ക്ഷീരകര്‍ഷകനായി തിരഞ്ഞെടുത്തു. 35 കറവപ്പശുക്കളും എട്ട് കിടാരികളും 10 കന്നുകുട്ടികളുമാണ് ഇയാള്‍ക്കുള്ളത്. ജയന് മന്ത്രി ഉപഹാരം നല്‍കി. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു.