സ്പിരിറ്റ് കടത്ത് കേസിലെ പ്രതി നാലര വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

Posted on: August 13, 2014 6:00 am | Last updated: August 13, 2014 at 12:45 am

നിലമ്പൂര്‍: കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയ കേസിലെ പ്രതിയെ നാലര വര്‍ഷത്തിന് ശേഷം എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലയിലെ ഒഴൂര്‍ തേറാട്ടില്‍ ആന്റണിയുടെ മകന്‍ ബിജു(40) നെയാണ് മലപ്പുറം അസി. എക്‌സൈസ് കമ്മീഷണര്‍ പി ബാലകൃഷ്ണന്‍ അറസ്റ്റു ചെയ്തത്. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ്ജയിലില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2010 ജനുവരി 20ന് 2.20നായിരുന്നു കേസിനാസ്പദമായ സംഭവം. ചരക്കുകളൊന്നുമില്ലാതെ വഴിക്കടവ് വാണിജ്യ നികുതി ചെക്കുപോസ്റ്റിലെത്തിയ ലോറി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. വാഹനത്തില്‍ ഉണ്ടായിരുന്ന രേഖകള്‍ വ്യാജമായിരുന്നു. വ്യാജ ആര്‍ സി ബുക്ക് ഉപയോഗിച്ചായിരുന്നു ലോറിയില്‍ സ്പിരിറ്റ് കടത്തിയിരുന്നത്. ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ സ്പിരിറ്റ് കടത്തിയതിന് എക്‌സൈസ് എടുത്ത കേസില്‍ സബ്ജയിലില്‍ ബിജു റിമാന്‍ഡില്‍ കഴിയുന്നുണ്ടെന്ന് അറിഞ്ഞ അനേ്വഷണ സംഘം പുനലൂര്‍ കോടതിയില്‍ അറസ്റ്റ് ചെയ്യാന്‍ അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.