Connect with us

Kannur

സൂചി ശ്വാസകോശത്തില്‍ തുളച്ചുകയറി, ഇരുപതുകാരിക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

Published

|

Last Updated

തളിപ്പറമ്പ്: മൂന്നര സെന്റീമീറ്റര്‍ വലിപ്പമുള്ള സൂചി ഇടതുശ്വാസകോശത്തില്‍ തുളച്ചുകയറി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കീഴിലെ കാര്‍ഡിയാക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി യൂനിറ്റായ സഹകരണ ഹൃദയാലയയില്‍ പ്രവേശിപ്പിക്കപ്പെട്ട 20 കാരിക്കാണ് ജീവന്‍ തിരിച്ചുകിട്ടിയത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ മണ്ടൂര്‍ സ്വദേശിനി, ജോലിക്കിടയില്‍ ഫയല്‍ തുന്നിക്കെട്ടുന്നതിനിടെ സൂചി കടിച്ചുവലിച്ചപ്പോഴാണ് അബദ്ധത്തില്‍ അത് തൊണ്ടക്കുള്ളില്‍ അകപ്പെട്ടത്. പുറത്തുനിന്നുള്ളവരുടെ പെട്ടെന്നുള്ള നിര്‍ദേശം സ്വീകരിച്ച് പ്രഥമശുശ്രൂഷയെന്നോണം പഴം കൂടെ വിഴുങ്ങിയത് കൂടുതല്‍ അപകടാവസ്ഥയിലെത്തിച്ചു. ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥായിലാണ് രോഗിയെ പരിയാരത്തെത്തിച്ചത്. എക്‌സ്‌റേയില്‍ ഇടത് ശ്വാസകോശത്തില്‍ സൂചി തുളച്ചുകയറിയതായി വ്യക്തമായി. എന്‍ഡോസ്‌കോപ്പി വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഓപ്പണ്‍ സര്‍ജറി വേണ്ടി വന്നത്. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷമാണ് സൂചി പുറത്തെടുത്തത്. രോഗി സുഖം പ്രാപിച്ചുവരുന്നു. പരിയാരം സഹകരണ ഹൃദയാലയയിലെ കാര്‍ഡിയാക് തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരായ പ്രസാദ് സുരേന്ദ്രന്‍, പി എന്‍ കൃഷ്ണകുമാര്‍, കൃഷ്ണകാന്ത് സാഹു, ബിജു അബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞയാഴ്ച പരിയാരം മെഡിക്കല്‍ കോളജ് ആശൂപത്രിയിലെ ചീഫ് ന്യൂറോ സര്‍ജന്‍ ഡോ. പ്രേംരാജ് മോഹന്‍, ന്യൂറോ സര്‍ജന്‍ ഡോ. കെ വി പ്രേംലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ തലച്ചോറിലെ ‘ഭീമന്‍ മുഴ നീക്കം ചെയ്തത് വാര്‍ത്തയായിരുന്നു.

Latest