ആസ്റ്റര്‍ മെഡ്‌സിറ്റി പ്രവര്‍ത്തനം ആരംഭിച്ചു

Posted on: August 13, 2014 12:53 am | Last updated: August 12, 2014 at 11:54 pm

കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യപരിചരണം ഉറപ്പ് നല്‍കുന്ന വിശാലമായ ആശുപത്രി സമുച്ചയം ‘ആസ്റ്റര്‍ മെഡ്‌സിറ്റി’ ചേരാനല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി. നല്ല ചികിത്സയും പരിചരണവും നല്‍കുകയെന്ന തത്വത്തിലധിഷ്ഠിതമാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളെന്ന് സംരംഭകര്‍പറഞ്ഞു. മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും വിവിധ മികവിന്റെ കേന്ദ്രങ്ങളും അടങ്ങിയതാണ് 40 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ഈ മെഡിക്കല്‍ ടൗണ്‍ഷിപ്പ്. കാര്‍ഡിയാക് സയന്‍സസ്, ന്യൂറോ സയന്‍സസ്, ഓര്‍ത്തോപീഡിക്‌സ്, നെഫ്രോളജി ആന്‍ഡ് യൂറോളജി, ഓങ്കോളജി, ഗ്യാസ്‌ട്രൊഎന്റെറോളജി ആന്‍ഡ് ഹെപറ്റോളജി, വിമന്‍സ് ഹെല്‍ത്ത് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് എന്നിവയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മികവിന്റെ കേന്ദ്രങ്ങള്‍. അത്യാധുനികമായ ഉപകരണങ്ങളും നൂതന വൈദ്യശാസ്ത്ര സാങ്കേതികതയും അതിവിദഗ്ധരായ ഡോക്റ്റര്‍മാരുടെ സാന്നിധ്യവും ആസ്റ്റര്‍ മെഡ്‌സിറ്റിയെ ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമാക്കുന്നു. എട്ട് രാജ്യങ്ങളിലായി 193 മെഡിക്കല്‍ സ്ഥാപനങ്ങളുള്ള ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ സംരംഭമാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി.